തോപ്പുംപടി: ഹാർബർ പാലത്തിൽ വെച്ച് യുവാവിനെ വാഹനമിടിച്ചു വീഴ്ത്തി കടന്നുകളഞ്ഞിട്ടും കടവന്ത്ര സ്റ്റേഷൻ ഇൻസ്‌പെക്ടർക്കെതിരെ കേസെടുക്കാതെ പോലീസിന്റെ ഒത്തുകളി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായ യുവാവ് നാല് ദിവസം മുൻപ് പരാതി നൽകിയിട്ടും യുവാവിന് പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് വാദിക്കുകയാണ് പോലീസ്.
അതേസമയം, കാറിടിച്ച് വീഴ്ത്തിയ ഇൻസ്‌പെക്ടർ ജിപി മനുരാജിനെയും കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടറെയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണു തോപ്പുംപടി പോലീസ് നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ എല്ല് ഒടിഞ്ഞിട്ടില്ലെന്നും അതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നുമാണ് പോലീസ് ഉന്നയിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണു പൊലീസ് ഉദ്യോഗസ്ഥനും വനിതാ ഡോക്ടറും സഞ്ചരിച്ച കാർ പാലത്തിലൂടെ കടന്നുപോകവെ എതിർദിശയിൽ എത്തിയ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചത്. റോഡിൽ വീണ് യുവാവിന്റെ വയറിനുള്ളിൽ നീർക്കെട്ടും കൈക്കുഴയ്ക്കു പരുക്കുമേറ്റിട്ടുണ്ട്. ഇടിച്ച കാറിനും യുവാവ് സഞ്ചരിച്ച സ്‌കൂട്ടറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഹാർബർ പാലത്തിൽ വെച്ച് യുവാവിനെ ഇടിച്ചിട്ട കാർ പിന്നെ നിർത്തിയത് 2 കിലോമീറ്റർ അകലെ വില്ലിങ്ഡൻ ദ്വീപിലുള്ള റോഡിൽ ആളൊഴിഞ്ഞ പ്രദേശത്താണ്. നിർത്താതെ ഓടിച്ചുപോയ കാറിനെ 2 ബൈക്കുകളിലായി എത്തിയ 4 യുവാക്കൾ തടഞ്ഞു. അപകട വിവരമറിഞ്ഞു 2 പോലീസുകാർ സംഭവസ്ഥലത്ത് എത്തിയെങ്കിലും കാറിലെ ആളുകളെ തിരിച്ചറിഞ്ഞ് പിൻവാങ്ങി.
പാലത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനാണു കാർ നിർത്താതെ പോയതെന്ന വിചിത്ര വാദവും ഇതിനിടെ സംഭവം അന്വേഷിച്ച തോപ്പുംപടി പോലീസിന്റെ ഉന്നയിച്ചു. എന്നാൽ, അപകടസമയത്ത് ഇൻസ്‌പെക്ടർ മദ്യലഹരിയിലായിരുന്നുവെന്നും മദ്യപിച്ചു വാഹനം ഓടിച്ചതിനുള്ള കേസിൽനിന്നു സംരക്ഷിക്കാനാണു പോലീസ് ശ്രമിക്കുന്നതെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു.
കാറിലെ ഇൻസ്‌പെക്ടറെ സല്യൂട്ട് ചെയ്തു വിട്ടയച്ച പോലീസ് പരുക്കേറ്റ യുവാവിനെ തിരിഞ്ഞു നോക്കിയില്ല. പരുക്കേറ്റ യുവാവ് കയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. അപകടമുണ്ടാക്കിയ കാറിന്റെ നമ്പർ സഹിതം പരാതിയും നൽകിയിട്ടുണ്ട്. സംഭവം വിവാദമായ ശേഷമാണു പാണ്ടിക്കുടിയിലുള്ള യുവാവിന്റെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തി മടങ്ങിയത്.
സംഭവം അന്വേഷിക്കുമെന്നു സിറ്റി പോലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു. അപകടത്തിൽപ്പെട്ട യുവാവു പരാതിയില്ലെന്നു പറഞ്ഞതിനാലാണു കേസെടുക്കാതിരുന്നതെന്നും കമ്മിഷണർ പറഞ്ഞു. യുവാവിന്റെ എല്ലിനു പൊട്ടലോ ഗുരുതര പരുക്കോ ഇല്ലെന്നും ഇതിനാൽ കേസെടുക്കാൻ പ്രയാസമുണ്ടെന്നും തോപ്പുംപടി ഇൻസ്‌പെക്ടർ മാധ്യമങ്ങളോടു പറഞ്ഞു.