മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ദോഹയിൽ നിന്നുള്ള യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തത് 35 ലക്ഷം രൂപയുടെ സ്വർണം. കരിപ്പൂർ വിമാനത്താവളം വഴി ക്യാപ്‌സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. 570 ഗ്രാം സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.
സംഭവത്തിൽ ഒരു യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദ് (30) ആണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
ഇയാൾ സ്വർണ്ണം മിശ്രിത രൂപത്തിൽ പാക് ചെയ്ത് രണ്ട് കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മേയ് 20 ന് വൈകുന്നേരം 8.15-ന് ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് (IX 376) വിമാനത്തിലാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും തന്റെ പക്കൽ സ്വർണ്ണമുണ്ടെന്ന് സമ്മതിച്ചിരുന്നില്ല, പിന്നീട്, സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്സ്യൂളുകൾ കാണാനായത്.
ഇയാലിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.