കൊച്ചി: ഗുരുതരമായ കരള്‍ രോഗത്തെ അതിജീവിച്ച് നടന് ബാല പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പഴയ പോലത്തന്നെ സോഷ്യലിടത്ത് സജീവമായിരിക്കുകയാണ് ബാല. കരള്‍ മാറ്റിവച്ചതോടെയാണ് ബാലയ്ക്ക് ജീവിതം തിരിച്ചുകിട്ടിയത്. ഇപ്പോഴിതാ തനിക്ക് കരള്‍ പകുത്തു നല്കി ജീവന് തിരിച്ചുതന്ന സുഹൃത്തിനെ വെളിപ്പെടുത്തിയിരിക്കുകയാണ് ബാല.
ജേക്കബ് ജോസഫ് എന്നയാളാണ് തന്റെ രക്ഷകന് എന്ന് ബാല വെളിപ്പെടുത്തി. ഡോണേഴ്സില്‍ പോലും പറ്റിക്കുന്നവര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും നൂറ് ശതമാനം മാച്ചില്‍ ദൈവം സഹായിച്ച് എനിക്ക് കിട്ടിയയാളാണ് ജേക്കബ് എന്നും ബാല പറഞ്ഞു.
അദ്ദേഹം എനിക്ക് കരള്‍ പകുത്ത് തന്നപ്പോള്‍ ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്നേഹവും തനിക്ക് കിട്ടി. നല്ലൊരു ബന്ധം അദ്ദേഹത്തിന്റെ കുടുംബവുമായുണ്ട്. എല്ലാ ഞായറാഴ്ചകളിലും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും എനിക്ക് ഭക്ഷണം കൊടുത്ത് അയക്കും. അതൊരു വലിയ സന്തോഷമാണെന്നും ബാല പറയുന്നു.
സുഹൃത്തുക്കള്‍ ആര് ശത്രുക്കള്‍ ആര് എന്ന് മനസിലാക്കിയ ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ് പോയത്. ‘ഉണ്ണിമുകുന്ദനും എനിക്കും വഴക്കുണ്ടായിരുന്നു. അവന് എന്നെക്കാണാന്‍ ആശുപത്രിയില്‍ ഓടി വന്നു. അതല്ലേ മനുഷ്യത്വം എന്ന് പറയുന്നത്. ലാലേട്ടന് പ്രത്യേകം നന്ദി പറയുന്നു. എല്ലാദിവസവും ബന്ധപ്പെട്ടവരെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു’, എന്നും ബാല പറയുന്നു.
ആശുപത്രിയില്‍ ക്രിട്ടിക്കലായി കിടന്നപ്പോള്‍ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്ന് ബാല പറഞ്ഞു. ‘എന്റെ മനസില്‍ അവസാന നിമിഷങ്ങള്‍ ആയിരുന്നു എനിക്ക്. മകളെ കാണണം എന്നൊരു ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഏത് ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശം ഇല്ല. ദൈവത്തിന് പോലും ഇല്ല.
ആശുപത്രിയില്‍ വച്ച് ഞാന്‍ പാപ്പുവിനെ(മകള്‍) കണ്ടു, ഏറ്റവും മനോഹരമായ ഒരുവാക്ക് ഞാന്‍ കേട്ടു. ‘ഐ ലവ് മൈ ഡാഡി സോ മച്ച് ഇന്‍ ദിസ് വേള്‍ഡ്’, എന്നവള്‍ പറഞ്ഞു. ഇനിയുള്ള കാലം എപ്പോഴും അതെനിക്ക് ഓര്‍മയുണ്ടാകും. അതിന് ശേഷം ഞാന്‍ കൂടുതല്‍ സമയം അവളുടെ കൂടെ ചിലഴിച്ചില്ല. കാരണം എന്റെ ആരോഗ്യം മോശമാകുക ആയിരുന്നു. അത് അവള് കാണരുതെന്ന് എനിക്കുണ്ടായിരുന്നു’, എന്ന് ബാല പറഞ്ഞു.
എനിക്ക് ഇത് സംഭവിക്കുമെന്ന് ആരും കരുതിയില്ല. അവസ്ഥ മോശമായപ്പോള്‍ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞിരുന്നു. അവസ്ഥ മോശമായി എന്നറിഞ്ഞപ്പോള്‍ വിദേശത്ത് ഉള്ളവര്‍ പോലും ഉടനെ എത്തി. ക്രിട്ടക്കലായിരുന്ന സമയത്ത് കുറച്ച് പേര് ഫ്ലൈറ്റ് കയറി വരാന്‍ നില്‍ക്കുകയായിരുന്നു. മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് ഡോക്ടര്‍ ചേട്ടനോടും ചേച്ചിയോടും പറഞ്ഞു. അവര്‍ക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥ.
ഡോക്ടറോട് എന്റെ ചേച്ചി ചോദിച്ച ഒരു ചോദ്യം മുതല്‍ കാര്യങ്ങള്‍ മാറി തുടങ്ങി. ‘നിങ്ങളുടെ സഹോദരനാണെങ്കില്‍ ഈ അവസ്ഥയില്‍ നിങ്ങള്‍ എന്ത് ചെയ്യു’മെന്ന് ചേച്ചി ചോദിച്ചപ്പോള്‍, ഡോക്ടര്‍ പറഞ്ഞു ‘മനസമാധാനമായി വിട്ടേക്കുമെന്ന്’. കാരണം തിരിച്ച് വന്നാലും മുഴുവന്‍ രൂപത്തില്‍ വരുമോയെന്ന് അറിയില്ലെന്നും. അതിനാല്‍ അദ്ദേഹത്തെ സമാധാനത്തില്‍ പോകാന്‍ അനുവദിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
നിങ്ങള്‍ പറഞ്ഞാല്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്യാമെന്നും ഡോക്ടര്‍ ചേച്ചിയോട് പറഞ്ഞു. അവര്‍ ഒന്നുകൂടി ആലോചിക്കാന്‍ ഒരു മണിക്കൂര്‍ സമയം ചോദിച്ചു. ഡിസ്കസ് ചെയ്തിട്ട് ഫോര്മാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്ന് അവര്‍ കരുതി. അവര്‍ ചോദിച്ച ഒരു മണിക്കൂറില്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പോസിറ്റീവ് മാറ്റം കണ്ടു. എല്ലാം ദൈവത്തിന്റെ അത്ഭുതം. ചെറിയ പ്രതീക്ഷ കിട്ടി, ശേഷം 12 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ വീണ്ടും ജീവിതത്തിലേക്ക് എത്തി, ബാല പറഞ്ഞു.
Discussion about this post