തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ. രാഖിശ്രീ ജീവനൊടുക്കിയത് യുവാവിന്റെ സല്യം സഹിക്കാനാകാതെ ആണെന്നാണ് അച്ഛൻ രാജീവൻ പറയുന്നത്.
ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ രാഖിശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും അച്ഛൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
രാഖി ശ്രീ ആറ് മാസം മുമ്പ് ഒരു ക്യാമ്പിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ ഫോൺ നൽകിയിരുന്നു. വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാൻ നമ്പറുകളും നൽകി. തന്നോടൊപ്പം വന്നില്ലെങ്കിൽ വച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നതും അടക്കമുള്ള ഭീഷണിയും ഇയാൾ മുഴക്കിയിരുന്നു. കൂടാതെ ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16-ന് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛൻ രാജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഖിശ്രീയെ വീട്ടിലെ ശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു രാഖിശ്രീ ആർഎസ് (ദേവു-15).
കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖി ശ്രീ. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും എ പ്ലസ് വിജയം നേടിയിരുന്നു രാഖി ശ്രീ. അന്ന് സ്കൂളിൽ വിദ്യാർത്ഥികൾ ഒത്തുകൂടുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Discussion about this post