കൊച്ചി: ഫോണില്‍ വിളിച്ച് കടമായെടുത്ത ലോട്ടറി ടിക്കറ്റില്‍ ഭാഗ്യദേവത കടാക്ഷിച്ചു. സത്യസന്ധത കൈവിടാതെ ടിക്കറ്റ് ഉടമയായ ലോറി ഡ്രൈവറെ ഏല്‍പ്പിച്ച് മാതൃകയായി കാവിലമ്മ ലോട്ടറി ഏജന്‍സി.
തമിഴ്നാട് തെങ്കാശി സ്വദേശി ചിന്നദുരയ്ക്കാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. അമ്പലമുകളിലെ ടാങ്കര്‍ ഡ്രൈവറാണ് ചിന്നദുരൈ.
കഴിഞ്ഞ ദിവസം ചിന്നദുരൈ കരിമുകളിലെ ലോട്ടറി വില്പനക്കാരനെ വിളിച്ച് തനിക്ക് എട്ട് ലോട്ടറി കടമായി എടുത്തുവയ്ക്കാന്‍ പറയുകയായിരുന്നു. അതിലൊരു ടിക്കറ്റിനാണ് നിലവില്‍ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ചിന്നദുരൈ സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണെന്ന് ലോട്ടറി സെന്റര്‍ ഉടമ പറയുന്നു. ആയിരം രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കുമൊക്കെയാണ് ചിന്നദുരൈ ലോട്ടറി എടുക്കാറുള്ളത്. ലോട്ടറി ഫലം വന്നപ്പോള്‍ ചിന്നദുരൈയ്ക്കായി മാറ്റിവച്ച ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം.
സമ്മാനമടിച്ചത് ആദ്യം തന്നെ ചിന്നദുരൈയെ വിളിച്ച് പറഞ്ഞു, ആദ്യം വിശ്വസിച്ചിരുന്നില്ല. പിന്നെ ഫലത്തിന്റെ ചിത്രമെടുത്ത് അയച്ചപ്പോഴാണ് വിശ്വസിച്ചത്. ഭാഗ്യദേവത കടാക്ഷിച്ചതറിഞ്ഞ് ലോട്ടറി സെന്ററില്‍ ടിക്കറ്റെടുക്കാനുള്ള തിരക്ക് തുടങ്ങിയിട്ടുണ്ട്.
Discussion about this post