തിരുവനന്തപുരം: പരീക്ഷയ്ക്ക് തൊട്ടുമുന്നെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും എസ്എസ്എല്‍എസി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി ശ്രദ്ധേയമായി ഇരട്ട സഹോദരിമാര്‍.
കാട്ടാക്കട കട്ടക്കോട് ബൈത്ത് അല്‍ നൂറില്‍ പ്രവാസിയായ സലിം പി, റംജു എ ആര്‍ ദമ്പതികളുടെ ഇരട്ട കുട്ടികളായ സഹിറ ഫാത്തിമ ആര്‍എസ്, റിസാ ഫാത്തിമ ആര്‍ എസ് എന്നിവരാണ് രോഗത്തെ അതിജീവിച്ചും മിന്നും വിജയം നേടിയത്.
കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സഹിറയും റിസയും. പരീക്ഷക്ക് ആഴ്ചകള്‍ക്ക് മുന്‍പ് സഹിറക്കും, റിസക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ചിക്കന്‍ പോക്‌സ് പിടിപെട്ട് കിടപ്പിലായി. അസുഖത്തിന്റെ വിഷമതകള്‍ അലട്ടിയപ്പോള്‍, കുട്ടികളെ ഏറെ ആശങ്കപ്പെടുത്തിയത് അടുത്തുവരുന്ന പരീക്ഷയെ എങ്ങനെ മറികടക്കും എന്നായിരുന്നു.
അസുഖം ഭേദമായി പരീക്ഷ എഴുതി എങ്കിലും പരീക്ഷക്ക് മുന്‍പുള്ള റിവിഷന്‍ പഠനം എല്ലാം മുടങ്ങിയത് കാരണം മികച്ച ഫലം കിട്ടുമോ എന്ന പേടിയായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും ഇവര്‍ക്ക് എ പ്ലസ് ലഭിച്ചു.
ഈ ഫലം അപ്രതീക്ഷിതം എന്നാണ് ഇരുവരും പറയുന്നത്. ഓരോ ദിവസവും ഉള്ള പാഠങ്ങള്‍ അതാത് ദിവസം തന്നെ പഠിക്കുന്നതാണ് ഈ വിജയത്തിന് പിന്നിലെ മന്ത്രമെന്ന് സാഹിറയും റിസയും പറയുന്നു.
പക്ഷേ ഇരട്ടകള്‍ എങ്കിലും ചില കാര്യങ്ങളില്‍ ഇവര്‍ക്ക് പ്രത്യേകം അഭിരുചിയാണ്. കെമിസ്ട്രി, ബയോളജി എന്നിവയാണ് ഇരുവര്‍ക്കും ഏറെ ഇഷ്ടമുള്ള വിഷയം പ്ലസ് ടുവിന് സയന്‍സ് എടുത്ത് പഠിക്കാനാണ് ആഗ്രഹം. അതേസമയം സഹിറക്ക് അധ്യാപിക ആകാനും റിസക്ക് ഡോക്ടര്‍ ആകാനും ആണ് ആഗ്രഹം.
Discussion about this post