പത്തനംതിട്ട: അറിയാത്ത നമ്പറില്‍ നിന്നും വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ദമ്പതികള്‍ക്ക് നഷ്ടമായത് 20 ലക്ഷം രൂപ. പത്തനംതിട്ടയിലാണ് സംഭവം. ഭാര്യ തട്ടിപ്പിന് ഇരയായതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ അക്കൗണ്ടിലെ കാശും പോയത്.
ഭാര്യയുടെ ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ പോയത് 5 ലക്ഷം രൂപ.
ആ സംഭവം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കു ശേഷം ഭര്‍ത്താവിനും സമാന മെസേജ്. ക്ലിക്ക് ചെയ്തതിന് പിന്നാലെ 15 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പോയി. യുവതിക്ക് കെഎസ്ഇബിയില്‍ കുടിശികയായുള്ള തുക ഇതുവരെ അടിച്ചിട്ടില്ലെന്നും ഉടന്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന് വിച്ഛേദിക്കുമെന്നും അറിയിച്ചുള്ള കോള്‍ ആയിരുന്നു ആദ്യം വന്നത്.
പിന്നാലെ ഒരു മെസ്സേജും വന്നു. മെസേജിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒടിപി ആവശ്യപ്പെട്ടുകൊണ്ടുള്ള അടുത്ത മെസേജ് എത്തി. ഫോണിലെത്തിയ ഒടിപി കൂടെ നല്‍കിയതോടെ അക്കൗണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടു.
എന്നാല്‍ ചതിക്കപ്പെട്ട വിവരം ആരുമറിയാതെയിരിക്കാന് പൊലീസില്‍ പരാതി നല്കാന് തയാറായില്ല.
6 മാസത്തിനകം ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്കും സമാനമായ വിളിയെത്തി. വൈകുന്നേരത്തിനകം കെഎസ്ഇബി കുടിശിക അയച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കുമെന്നാണു പറഞ്ഞത്. സംശയം തോന്നിയ ഭര്‍ത്താവ് ഉടന്‍ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞെങ്കിലും, ഫോണ്‍ സംഭാഷണത്തിലെ സ്വാഭാവികത കണക്കിലെടുത്ത് കോളിനു പിന്നാലെ പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്ന മെസേജിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു.
തുടര്‍ച്ചയായ ടിക് ടിക് ശബ്ദത്തിന് പിന്നാലെ ഫോണ്‍ സ്റ്റക്കായി. പിന്നാലെ അക്കൗണ്ടില്‍നിന്നു 15 ലക്ഷം രൂപ പിന്‍വലിക്കപ്പെട്ടതായി ഫോണിലേക്കു സന്ദേശമെത്തി. ഡല്‍ഹി കേന്ദ്രീകരിച്ചു ജോലി ചെയ്തിരുന്നതിനാല്‍ കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയുമായി ബന്ധപ്പെട്ട് സംഭവം അന്വേഷിപ്പിച്ചു എങ്കിലും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുക എന്നത് പ്രയാസകരമായിരുന്നു.
Discussion about this post