വളാഞ്ചേരി: ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സഹപാഠിക്കായി ചികിത്സാച്ചെലവിലേക്ക് ധനസമാഹരണം നടത്താൻ സഹപാഠികൾ നടത്തിയ ബിരിയാണി ചാലഞ്ചിൽ ചാലിച്ചത് നന്മയും. എടയൂർ പൂക്കാട്ടിരിയിലെ ചന്ദ്രദാസൻജയശ്രീ ദമ്പതിമാരുടെ മകൻ അക്ഷയ്ദാസിന്റെ ചികിത്സയ്ക്കു പണം സ്വരൂപിക്കാനാണ് വര ഫൈൻ ആർട്‌സ് കോളജ് വിദ്യാർഥികൾ ബിരിയാണി ചാലഞ്ചുമായി രംഗത്തിറങ്ങിയത്.
ഈ ഉദ്യമത്തിന് നാട്ടുകാരും ഉദാരമതികളും പൂർണ പിന്തുണ നൽകി. 1500 പൊതി ബിരിയാണിയാണ് ഇവർ പാചകം ചെയ്തു വിതരണം ചെയ്തത്. 2 ക്വിന്റൽ അരി ാെകണ്ടാണ് ബിരിയാണി വെച്ചത്.വര ഫൈനാർട്‌സ് കോളജിലെ ഒന്നും, രണ്ടും വർഷ വിദ്യാർഥികളും അധ്യാപകരും സുമനസ്സുകളും പാക്കിങ്ങിലും വിതരണത്തിലും സജീവമായി.
കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്‌സ് യൂണിയൻ പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രവർത്തകരായ ഉസ്മാൻ പാറയിൽ, ഒ ടി ഹനീഫ, അലിമോൻ കൊപ്പം, എകെ ഉമ്മർ, ഹൈദരാലി, മുജീബ് റഹ്‌മാൻ എന്നിവർ സൗജന്യ സേവനമായി ബിരിയാണി തയാറാക്കി.
രാവിലെ 7നു തുടങ്ങിയ ബിരിയാണി വിതരണം ഉച്ചയ്ക്ക് 2 മണിവരെ നീണ്ടു. കാവുംപുറം പാറക്കൽ സമ്മേളനഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ബിരിയാണി വിതരണം ഉദ്ഘാടനം ചെയ്തു. കെപി ശങ്കരൻ, സുരേഷ് മേച്ചേരി എന്നിവർ പങ്കെടുത്തു.
പൂക്കാട്ടിരിയിലെ കൊഴിക്കോട്ടിൽ ചന്ദ്രദാസൻ-ജയശ്രീ ദമ്പതിമാരുടെ മകനായ അക്ഷയ്ദാസ് തലാസീമിയ മേജർ എന്ന അസുഖബാധിതനാണ്, ഒരു വയസ്സ് മുതൽ ചികിത്സയിലാണ് അക്ഷയ്. ബെംഗളൂരു മജുംദാർ ആശുപത്രിയിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത് വഴി സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
എന്നാൽ, ചികിത്സാ ചെലവ് 50 ലക്ഷം രൂപയോളം വരും. തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രദാസിനു ഇത്രയും വലിയ തുക കണ്ടെത്താനൊരു വഴിയുമില്ല. ഇതോടെയാണ് സുമനസുകളുടെ സഹായത്തോടെ ചികിത്സാസഹായ സമിതിക്കും രൂപം നൽകിയിയത്. ചാലഞ്ചിലൂടെ ലഭിച്ച തുകയും ഫണ്ടിലേക്കു കൈമാറും.