കല്ലമ്പലം: കാത്തിരുന്ന പത്താം ക്ലാസ് പരീക്ഷാഫലം ഇന്നെത്തുമ്പോൾ അതുനോക്കാനായി സാരംഗ് ഇല്ല. ഓട്ടോ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാർഥിയായ സാരംഗ് പത്തുപേർക്ക് പുതുജീവനേകിയാണ് വിടവാങ്ങിയത്.
കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബിനേഷ് കുമാറിന്റെയും രജനിയുടെയും മകനാണ് ബി.ആർ സാരംഗ് (16). ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.
പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മകനെ നഷ്ടമായ നോവിലും ഈ കുടുംബം മറ്റു കുടുംബങ്ങളുടെ കണ്ണീരൊപ്പാനായി സന്നദ്ധരാവുകയായിരുന്നു. കഴിഞ്ഞ 6 നു വൈകിട്ട് 3 ന് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ 10 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ ഉടനെ ആരംഭിച്ചു.
കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു. അവയവമാറ്റ നടപടികൾ പൂർത്തിയായശേഷം ഇന്നു ഉച്ചയ്ക്കു 12.30നു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. സംസ്കാരം ഇന്ന്.
സാരംഗ് കേരള ബ്ലാസ്റ്റേഴ്സ് ആറ്റിങ്ങൽ മാമത്തു നടത്തുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്നു. ഫുട്ബോൾ താരമാകാനായിരുന്നു സാരംഗിനു ആഗ്രഹം. ആശുപത്രിയിൽ കഴിയുമ്പോഴും ഫുട്ബോൾ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം സാരംഗ് പങ്കുവച്ചിരുന്നു. ഏക സഹോദരൻ: യശ്വന്ത്.
Discussion about this post