കൊച്ചി: പട്ടാപ്പകല്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായ യുവനടിയ്ക്ക് നേരെ ലൈംഗിതാതിക്രമം. മോശമായി പെരുമാറിയ യുവാവിന്റെ വീഡിയോ പകര്‍ത്തി നടി പോലീസിലേല്‍പ്പിച്ചു. ബസില്‍ സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെ 10 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ നന്ദിതയ്ക്ക് നേരെ ദുരനുഭവമുണ്ടായത്. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് നന്ദിത വീഡിയോയില്‍ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം. അങ്കമാലിയില്‍ നിന്നുമാണ് യുവാവ് ബസില്‍ കയറുന്നത്. തന്റെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസില്‍ കയറിയതുമുതല്‍ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ യുവാവ് അറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു- നടി പറയുന്നു.
പെട്ടന്നുള്ള പ്രതികരണത്തില്‍ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റില്‍ നിന്നും എഴുന്നേറ്റു. താന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചു. ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ ഡോര്‍ ലോക്ക് ചെയ്തു.
ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിര്‍ത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സവാദിനെ കണ്ടക്ടര്‍ പിടിച്ചുവെച്ചു പോലീസിലേല്‍പ്പിക്കുകയായിരുന്നു.
ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.
ബസില്‍ ഒരു നിയമവിദ്യാര്‍ഥിനി ഉണ്ടായിരുന്നു. അവര്‍ തന്നോടൊപ്പം അവസാനം വരെ നിന്നു. അവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടര്‍ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവര്‍ ഉള്‍പ്പടെ ബസില്‍ ഉണ്ടായിരുന്നവരും നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. ഇനി അവന്‍ സിബ്ബ് തുറക്കാന്‍ പേടിക്കണം’എന്നും നടി വീഡിയോയില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ നിറയെ നന്ദിതയുടെ ധീരതയെ അഭിനന്ദിക്കുകയാണ്.