കൊല്ലം: വീട്ടിൽ നിന്നും ഒളിച്ചോടിയെത്തിയ പെൺകുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ബന്ധുക്കളുടെ ക്രൂരമർദ്ദനം. കൊല്ലം എഴുകോൺ സ്വദേശിയായ അനുരാജിനാണ് വിളപ്പിൽശാലയിൽ വെച്ച് പെൺകുട്ടിയുടെ തല്ലുകൊള്ളേണ്ടി വന്നത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളായ പുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു (28), സെൽവരാജ് (58) എന്നിവരാണ് അറസ്റ്റിലായത്.
പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വിളപ്പിൽ ശാല പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കൊല്ലത്തു എഴുകോണിലായിരുന്നു. തുടർന്ന് പോലീസ് ഇവരെ ബന്ധപ്പെടുകയും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
യുവതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടിക്രമങ്ങൾക്കിടെയാണ് യുവതിയുടെ ബന്ധുക്കൾ യുവാവിനെ മർദ്ദിച്ചത്. യുവതിയും അനുരാജും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു.
പെൺകുട്ടി പ്ലസ് ടു കഴിഞ്ഞതേയുള്ളൂ. കാമുകനും കൗമാരക്കാരനാണ്. പിന്നീട് പെൺകുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോവുകയും വിവാഹം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായപ്പോൾ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
പെൺകുട്ടിയെ അച്ഛൻ ഉപേക്ഷിച്ച് പോയതാണ്. അമ്മയും സഹോദരനുമാണ് പെൺകുട്ടിക്കുള്ളത്. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുമ്പോൾ പുറത്തേക്ക് പോയ കാമുകനുമായി പെൺകുട്ടിയുടെ സഹോദരൻ വഴക്കടിക്കുകയായിരുന്നു. തുടർന്നാണ് സഹോദരനും അമ്മാവനും ചേർന്ന് യുവാവിനെ മർദ്ദിച്ചത്.
മർദ്ദനത്തിൽ അനുരാജിന്റെ പല്ലുകൾ ഇളകിപ്പോവുകയും തലയ്ക്ക് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. മർദ്ദനത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളായ ജിത്തുവിനെയും സെൽവരാജിനെയും പോലീസ് ഉടനെ പിടികൂടി. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.