കാസർകോട്: കാസർകോട് കൊട്ടോടിയിൽ ക്‌നാനായ സഭയ്ക്ക് പുറത്തുള്ള വ്യക്തിയെ വിവാഹം കഴിക്കുന്നതിനെ ചൊല്ലി വിവാഹ ആചാര തർക്കം. ഇതര സഭാ വിവാഹത്തിന് വികാരി അനുമതി നിഷേധിച്ചു. കോടതി വിധിക്ക് ശേഷം നിശ്ചയിച്ച വിവാഹത്തിന് അനുമതി നിഷേധിച്ചതോടെ വരനും വധുവും പള്ളിക്ക് പുറത്ത് വച്ച് പ്രതീകാത്മകമായി മാലയിട്ടു പ്രതിഷേധിച്ചു.
ക്‌നാനായ സഭാ അംഗം ജസ്റ്റിൻ ജോണും സീറോ മലബാർ സഭയിലെ വിജിമോളും തമ്മിലുള്ള വിവാഹമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ക്‌നാനായ സഭാംഗത്വം നിലനിർത്തി മറ്റൊരു സഭയിൽ നിന്ന് വിവാഹം കഴിക്കാൻ കോടതി അനുമതി നൽകിയിരുന്നു.
പിന്നാലെ പള്ളിയിൽ വച്ച് ഇവരുടെ ഒത്തുകല്യാണം നടന്നു. എന്നാൽ ഇന്നത്തെ കല്യാണത്തിന് പള്ളിയിൽ നിന്ന് നൽകേണ്ട അനുമതി കുറി നൽകാൻ വികാരി തയ്യാറായില്ല. ഇതോടെ കല്യാണം മുടങ്ങുകയായിരുന്നു. ഇതോടെ ബന്ധുക്കളും പ്രതിഷേധിച്ചു.
ഒടുവിൽ വധുവിന്റെ പള്ളി മുറ്റത്തെത്തി പരസ്പരം മാല ചാർത്തി ജസ്റ്റിനും വിജിമോളും വിവാഹ പ്രഖ്യാപനം നടത്തി. നിലവിലെ കോടതി വിധിയിൽ ആചാരത്തിൽ മാറ്റം വരുത്തണമെന്ന് നിർദേശമില്ലെന്നാണ് ക്‌നാനായ സഭയുടെ വിശദീകരണം.
അതേസമയം, ഇക്കാര്യം കോടതി വിധിയുടെ ലംഘനമാണെന്ന് ആരോപിച്ച് ക്‌നാനായ നവീകരണ സമിതി രംഗത്തെത്തി. എന്നാല് സഭാ തർക്കത്തിന്റെയും ആചാരത്തിന്റേയും പേരിലെ തർക്കം വേദനിപ്പിക്കുന്നത് ഭാര്യാഭർത്താക്കന്മാരാകാനുള്ള ജസ്റ്റിന്റേയും ബിജിമോളുടേയും ആഗ്രഹത്തേയാണ്.