അടൂർ: പത്തനംതിട്ടയിലെ കവിയൂർ ആഞ്ഞിലിത്താനത്ത് നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരുദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കപ്പ കൃഷി ചെയ്യുന്ന പറമ്പിൽ നിന്നും കരച്ചിൽ കേട്ട് എത്തിയ അയൽക്കാരാണ് ആദ്യം കുട്ടിയെ കണ്ടത്. വിവരമറിഞ്ഞ് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്‌നമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവിച്ചു മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തിട്ടുണ്ട്. പ്രഥമിക പരിശോധനയിൽ കുട്ടി പൂർണ ആരോഗ്യവനാണെന്ന് ജില്ലാ സിഡബ്ല്യുസി ചെയർമാൻ എൻ രാജീവ് പറഞ്ഞു. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം തണൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രദേശവാസിയായ പഴമ്പള്ളി സ്വദേശി മനോജ് വർഗീസ് ആണ് ആദ്യം കുഞ്ഞിനെ കണ്ടെത്തിയത്. ആളൊഴിഞ്ഞ കപ്പതോട്ടത്തിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടു ചെന്ന് നോക്കുമ്പോൾ മണ്ണിൽ കിടന്നു വിറയ്ക്കുന്ന കുഞ്ഞിനെയാണ് കണ്ടെതെന്ന് മനോജ് വർഗീസ് പ്രതികരിച്ചു. വെളുപ്പിനായിരിക്കാം കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നതെന്ന് മനോജ് പറയുന്നു.