കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തുന്ന രീതിയിൽ റോഡിന് നടുവിലൂടെ കാറോടിച്ചയാൾക്ക് എതിരെ പരാതി. ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനു കിലോമീറ്ററുകളോളം മാർഗ തടസ്സം സൃഷ്ടിച്ച കാർ ഉടമയ്ക്ക് പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടർവാഹന വകുപ്പ് നോട്ടീസയച്ചു.
ആംബുലൻസിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കാർ ഉടമയ്ക്ക് നോട്ടിസ് നൽകിയത്. കണ്ണാടിപ്പൊയിൽ സ്വദേശിയായ രോഗിയുമായി പോവുകയായിരുന്നു താലൂക്ക് ആശുപത്രിയിലെ ആംബുലൻസ്. രക്തസമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. എന്നാൽ കാറുടമ ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപാസ് വരെ നടുറോഡിലൂടെ വാഹനമോടിച്ച് മാർഗം തടസപ്പെടുത്തുകയായിരുന്നു.
സൈറൺ മുഴക്കി ഓടുന്ന ആംബുലൻസ് നിരന്തരം ഹോൺ മുഴക്കിയിട്ടും കാർ റോഡിന്റെ നടുവിൽനിന്ന് മാറ്റിയില്ല. ഇടയ്ക്ക് ബ്രേക്കിടേണ്ടി വരികയും ചെയ്തു. കാർ തുടർച്ചയായി ബ്രേക്കിട്ടതോടെ ആംബുലൻസിന് സഡൻ ബ്രേക്കിടേണ്ടി വരികയായിരുന്നു. ഇതോടെ രോഗിയുടെ ബന്ധുക്കൾ ആംബുലൻസിനുള്ളിൽ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായി. വൺവേ ആയ കക്കോടി ബൈപാസിൽ വച്ചാണ് ഒടുവിൽ ആംബുലൻസ് കാറിനെ മറികടന്നത്.
ഈ കാർ കാരണം വിലപ്പെട്ട കുറേയേറെ സമയം നഷ്ടമായെന്നു രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. നിരന്തരം പ്രയാസം സൃഷ്ടിച്ചതോടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ കാറിന്റെ വിഡിയോ പകർത്തി പോലീസിലും നന്മണ്ട എസ്ആർടിഒ അധികൃതർക്കും പരാതി നൽകുകയായിരുന്നു.
Discussion about this post