ഉദുമ: കാസർകോട് കാഞ്ഞങ്ങാട്ട് ലോഡ്ജിൽ പട്ടാപ്പകൽ ദേവികയെന്ന മേക്കപ്പ് ആർടിസ്റ്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സതീഷ് ഭാസ്‌കര് മുൻപ് മറ്റൊരു പെൺകുട്ടിയുടെ മരണത്തിനും ഉത്തരവാദിയെന്ന് വെളിപ്പെടുത്തൽ. സതീഷ് നേരത്തെ മറ്റൊരു പെൺകുട്ടിയുടെ മരണത്തിലും ഉത്തരവാദിയായിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്.
22 കാരിയായ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിലാണ് സതീഷിനെതിരെ ആരോപണം ഉർന്നിരുന്നത്. 2016 ൽ ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഈ സംഭവം. 22 കാരിയുടെ മരണത്തിന് ഉത്തരവാദി സതീഷ് ആയിരുന്നു എന്ന് മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധു ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു.
ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യെ കൊലപ്പെടുത്തിയ സംഭവത്തിൽ സതീഷ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സതീഷ് 2016ൽ കാസർകോടുള്ള ഒരു ബാറിൽ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്തു വരവേയാണ് പെണ#്കുട്ടി ജീവനൊടുക്കിയ കേസിൽ ആരോപണവിധേയനാകുന്നത്.
സതീഷ് പ്രണയിച്ച് വഞ്ചിച്ചതിന്റെ പേരിൽ അന്ന് പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ബന്ധു പറയുന്നത്. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദി സതീഷ് ആണെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് സതീഷിനെ ചോദ്യം ചെയ്യാൻ വിളിക്കുകയും ചെയ്തിരുന്നു. അന്ന് യുവാവിന്റെ ഫോണുകളടക്കം പോലീസ് പരിശോധിച്ചിരുന്നു. സംശയകരമായ ഒന്നും ഇല്ലെന്നാണ് പോലീസ് പറഞ്ഞത്. വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് സതീഷിനെ വിട്ടയക്കുകയായിരുന്നു. അന്ന് സതീഷിനെ കേസിൽ നിന്നും രക്ഷപ്പെടുത്തിയത് അയാൾ ജോലി ചെയ്തു വന്നിരുന്ന ബാറിന്റെ ഉടമയായിരുന്നു എന്നാണ് മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധു ആരോപിക്കുന്നത്. തെളിവുകൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് കേസിന്റെ പിന്നാലെ പോകാതിരുന്നതെന്നും ബന്ധു പ്രതികരിച്ചു.
പിന്നീടാണ് സതീഷ് വിവാഹിതനായത്. ഈ വിവരങ്ങൾ വിവാഹം കഴിച്ച പെൺകുട്ടിയോട് പറഞ്ഞിരുന്നുവെന്നും മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധു പറയുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളതാണ് യുവാവിനെ വിവാഹം കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സതീഷ് കാരണം മൂന്ന് യുവതികളുടെ ജീവിതമാണ് ഇല്ലാതായതെന്നും മരിച്ച പെൺകുട്ടിയുടെ ബന്ധു പ്രതികരിച്ചു. അതേസമയം ദേവികയുടെ കൊലയ്ക്ക് കാരണമായി പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ദേവിക തന്റെ ഭാര്യയെ ഒഴിവാക്കി തനിക്കൊപ്പം താമസിക്കണമെന്ന് പറഞ്ഞിരുന്നെന്നും അതിനാലാണ് കഴുത്തറുത്ത് കൊന്നതെന്നാണ് പോലീസിൽ കീഴടങ്ങിയ സതീഷ് മൊഴി നൽകിയിരിക്കുന്നത്. പോലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ കൊലയ്ക്കു പിന്നിലുള്ള കാരങ്ങളെകുറിച്ച് വ്യക്തമാകുകയുള്ളുവെന്നുമാണ് പോലീസ് പറയുന്നത്.
പ്രവാസിയായ ചെറുപുഴ സ്വദേശി രാജേഷിന്റെ ഭാര്യയാണ് ദേവിക. ഇവർക്ക് രണ്ട് രണ്ട് മക്കളുണ്ട്. സതീഷും വിവാഹിതനാണ്. ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ സതീഷിനെ ദേവിക നിരന്തരം നിർബന്ധിച്ചിരുന്നു എന്നാണ് വിവരം. ഈ ബന്ധത്തെച്ചൊല്ലി സതീഷിന്റെ വീട്ടിൽ പ്രശ്‌നങ്ങളുമുണ്ടായിരുന്നെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇയാൾ കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണ് കഴിഞ്ഞു വന്നിരുന്നതെന്നും പോലീസ് പറഞ്ഞു.