തൃശൂർ: തൃശൂർ അവണിശ്ശേരിയിൽ തെരുവ് നായയുടെ കടിയേറ്റ് എട്ടുപേർ ാശുപത്രിയിൽ. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരിയായ തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.
കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പടുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിലെ തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പട്ടള നിവാസികൾ. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന ഏഴ് ആടുകൾ ചത്തിരുന്നു.
പട്ടള നിസ മൻസിലിൽ ഹൈറുന്നിസയുടെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്. ചൊവ്വാഴ്ച പുലർച്ചയായിരുന്നു സംഭവം. തെരുവുനായ്ക്കൾ ഒരു ആടിനെ നേരത്തേ കൊന്നിരുന്നു.
അതേസമം, ആടുകളെ നഷ്ടപ്പെട്ടതോടെ ആട് വളർത്തി ഉപജീവനം കണ്ടെത്തുന്ന കുടുംബം പ്രതിസന്ധിയിലായി. ഇതുകൂടാതെ, സമീപത്തെ വീടുകളിൽനിന്ന് 35 ഓളം കോഴികളെ തെരുവുനായ്ക്കൾ കൊന്നിട്ടുണ്ട്.
മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികളെ പുറത്തിറക്കാൻ പോലും ഭയക്കുകയാണ് പരിസരവാസികൾ. നിലവിൽ തെരുവുനായ ആക്രമണം ഉണ്ടായ സ്ഥലം ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.