അരിക്കൊമ്പനെ നാടുകടത്തിയിട്ടും ആനപ്പേടി മാറാതെ മൂന്നാർ മേഖല. മൂന്നാറിനെ മുൾമുനയിൽ നിർത്തുകയാണ് പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന. പതിവായി ജനവാസ മേഖലയിലിറങ്ങി വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് ഭീഷണിയാവുകയാണ് പടയപ്പ.
ഈ കാട്ടുകൊമ്പനെ കാടുകയറ്റണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് നാട്ടുകാർ. മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തി ഭക്ഷണം തേടുനന് ആന പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം അകത്താക്കുന്നത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ആനയുടെ ആരോഗ്യത്തെയടക്കം ബാധിക്കുന്ന കാര്യങ്ങളുണ്ടായിട്ടും വനം വകുപ്പ് അനാസ്ഥ കാണിക്കുകയാണ് എന്നാണ് ജനങ്ങളുടെ പരാതി.
ഈ വിഷയത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മൂന്നാറിലെ തോട്ടം മേഖലയിലും പ്രധാന റോഡുകളിലും പടയപ്പ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാമെന്ന അവസ്ഥയാണ്.
ഇടയ്ക്ക് സനദർശനത്തിനായി കാട് വിടുന്ന ആന ടൗണിലെ കച്ചവടക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ സമീപകാലത്തായി ആന ഇടയ്ക്കിടെ എത്തുന്നുണ്ട്.
എന്നിട്ടും ആവശ്യത്തിന് വാച്ചർമാരെ നിയോഗിക്കാനോ ആനയെ നിരീക്ഷിക്കാനോ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ജനവാസ മേഖലകളിൽ വേലിയോ കിടങ്ങുകളോ സ്ഥാപിക്കണമെന്നും ആനയെ കാടുകയറ്റണമെന്നുമാണ് ഉയരുന്ന ആവശ്യം. അതേസമയം, പടയപ്പ ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും ജനവാസ മേഖലകളിലിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കുന്നുണ്ട്.