കൊല്ലം: വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ വന്ദനാ ദാസിന്റെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. പോലീസുകാര്‍ സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ ഡോ.വന്ദനയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് പറയുകയാണ് ആശുപത്രി സൂപ്രണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതി അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാര്‍ ഓടിയൊളിക്കുകയായിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് സൂപ്രണ്ട് ഡോ.സുനില്‍ കുമാര്‍ ഡി.എം.ഒയ്ക്ക് സമര്‍പ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് പ്രതി സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചതെന്നും 4.34നാണ് സന്ദീപ് അക്രമാസക്തനാകുന്നതെന്നും ഇതിനിടെ ഒബ്‌സര്‍വേഷന്‍ റൂമിലേക്കെത്തിയ പൊലീസ് അതേവേഗത്തില്‍ കാഷ്വാലിറ്റിയുടെ ഗേറ്രിന് പുറത്തേക്ക് ഓടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഡോ.വന്ദനാദാസിനെ 4.42ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എട്ട് മിനിറ്റ് മാത്രമാണ് അക്രമസംഭവം നീണ്ടുനിന്നതെന്നും കാഷ്വാലിറ്റി ഗേറ്റിന് പുറത്തേക്ക് പോയ പൊലീസുകാര്‍ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് അകത്തേക്ക് കയറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് പൊലീസുകാരും സെക്യൂരിറ്റിയും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്നത്. പൊലീസുകാരുടെ കൈയില്‍ ലാത്തി ഉണ്ടായിരുന്നില്ലെന്നും ബഹളംകേട്ട പൊലീസുകാര്‍ കസേരയുമായാണ് അകത്തേക്ക് പോയതെന്നും എന്നാല്‍ വെറും കൈയോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഓരോരുത്തരും തിരിച്ചോടിയെന്നും സെക്യൂരിറ്റി പറയുന്നു.