പട്ടാമ്പി: പട്ടാമ്പി വള്ളൂർ മേലേകുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ചെളിയിൽ പൂണ്ട് മുങ്ങി മരിച്ചു. വളളൂരിൽ താമസിക്കുന്ന കൊടല്ലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ(12), വളാഞ്ചേരി പേരശന്നൂർ പന്നികോട്ടിൽ സുനിൽകുമാറിന്റെ മകൻ അഭിജിത്ത്(13)എന്നിവരാണ് മരിച്ചത്.
വളളൂർ മേലേകുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു വിദ്യാർത്ഥികൾ. ഞായറാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. പത്തിലേറെ കുട്ടികൾ ഇവിടെ എത്തിയിരുന്നുവെന്നാന്നാണ് പറയുന്നത്.
കുളിക്കുന്നതിനിടെ അശ്വിനും അഭിജിത്തും കുളത്തിലെ ചെളിയിൽ അകപ്പെടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരനടക്കമുളളവർ ഇരുവരേയും രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
തുടർന്ന് മറ്റ് കുട്ടികൾ പ്രദേശവാസികളെ അറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ സമീപവാസികളാണ് ഇരുവരെയും കരയ്ക്കു കയറ്റിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.