കൊച്ചി: താനൂരിലെ ബോട്ട് ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും മുക്തമാകും മുൻപെ മറ്റൊരു ദുരന്തത്തിന് കോപ്പുകൂട്ടി ബോട്ടുടമകളുടെ അനാസ്ഥ. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തുടരുന്ന പരിശോധനയിൽ എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളെ കയറ്റിയ രണ്ട് ബോട്ടുകൾ പോലീസ് പിടികൂടി.
കേവലം 13 പേരെ മാത്രം കയറ്റാൻ ശേഷിയുള്ള സെന്റ് മേരീസ് എന്ന ബോട്ടിൽ 40ഓളം പേരെ കയറ്റിയാണ് അപകടത്തെ വിളിച്ചുവരുത്താൻ ശ്രമിച്ചത്. ഈ ബോട്ടും സന്ധ്യ എന്ന മറ്റൊരു ബോട്ടുമാണ് പോലീസ് പരിശോധനയ്ക്ക് ശേഷം പിടിച്ചെടുത്തത്.
പോലീസ് ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബോട്ടുകളുടെ സർവീസ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.