കോട്ടയം: ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെ അപകടത്തില്‍പ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ് ഐ ജോബി ജോര്‍ജാണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു.
നൈറ്റ് പട്രോളിംഗിനിടെയായിരുന്നു അപകടം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റാണ് മരിച്ചത്. ജോബി ജോര്‍ജും ഡ്രൈവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി പി ഒ വിനീത് രാജുവുമാണ് നൈറ്റ് പട്രോളിംഗിനുണ്ടായിരുന്നത്.
രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ആനത്താറ എന്ന കെട്ടിടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ചീട്ടുകളിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോബി ജോര്‍ജും വിനീതും ഈ കെട്ടിടത്തിലെത്തി. ചീട്ടുകളിക്കാര്‍ രണ്ടാം നിലയിലായിരുന്നു ഇരുന്നിരുന്നത്.
കതക് തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ ചെവികൊണ്ടില്ല. പിന്നാലെ ജോബി ജോര്‍ജ് കാലുകൊണ്ട് ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വാതിലില്‍ ചവിട്ടിയതിന്റെ സമ്മര്‍ദ്ദത്തില്‍ പിന്നോട്ടുവീണ് പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.