അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതൊക്കെ സംഭവിക്കും: 10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തിന്റെ ഭാവിയെക്കുറിച്ച് പത്ത് പ്രവചനങ്ങളുമായി ദുരന്തനിവാരണ വിദഗ്ധനും യുഎന്‍ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. മുന്‍പ് കേരളത്തിലെ ബോട്ട് ദുരന്തവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2030 ആകുമ്പോഴുള്ള കേരളത്തിന്റെ അവസ്ഥയാണ് അദ്ദേഹം പറയുന്നത്.

പത്തു പ്രവചനങ്ങള്‍
എന്റെ വല്യച്ഛന്‍, കിഴുപ്പള്ളി അച്യുതന്‍ നായര്‍, പേര് കേട്ട ഒരു ജ്യോല്‍സ്യന്‍ ആയിരുന്നു. ചെറുപ്പത്തില്‍ അച്ഛന്റെ വീട്ടില്‍ പോകുമ്പോള്‍ രാവിലെ ഏഴു മണിമുതല്‍ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാന്‍ വീട്ടില്‍ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താന്‍ ചെയ്യുന്ന തൊഴിലില്‍ മറ്റുള്ളവര്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണം എന്ന് വല്യച്ഛന്‍ വിശ്വസിച്ചിരുന്നു.

ഞാന്‍ പക്ഷെ ജ്യോതിഷത്തില്‍ ഒന്നും വിശ്വസിക്കുന്ന ആളല്ല.
പക്ഷെ ഭൂതവും വര്‍ത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താല്‍ ഭാവി പ്രവചിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇടക്കിടക്ക് കുറച്ചു പ്രവചനങ്ങളുമായി വരുന്നത്.

തല്‍ക്കാലം ഫ്‌ളാറ്റിലെ അഗ്‌നിബാധയും രൂപയുടെ താഴോട്ടുള്ള പോക്കും ആണ് ഞാന്‍ പ്രവചിച്ചു വെച്ചതില്‍ ഇനി ബാക്കിയുള്ളത്. അതിനധികം സമയമില്ല.
അതുകൊണ്ട് കുറച്ചു പ്രവചനങ്ങള്‍ പുതിയത് എടുക്കാം
രണ്ടായിരത്തി മുപ്പത് ആകുന്നതോടെ
1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും
2. കേരളത്തിലെ ഡിവോഴ്‌സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയില്‍ # 1 ആകും
3. അറേഞ്ച്ഡ് മാരേജ് എന്നുള്ളത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാകും
4. പെന്‍ഷന്‍ പ്രായം അറുപതിന് മുകളില്‍ പോകും
5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയര്‍മെന്റ് ഹോം ഉണ്ടാകും
6. പെരുമ്പാവൂര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വന്യമൃഗങ്ങള്‍ എത്തും
7. കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും
8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും
9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും
10. കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും
നിങ്ങളുടെ അഭിപ്രായം കേള്‍ക്കട്ടെ. ഇതൊക്കെ നടക്കുമോ?

Exit mobile version