തിരുവനന്തപുരം: ബാലരാമപുരത്ത് ആൺവേഷം കെട്ടി മുഖംമറച്ചെത്തി വയോധികയുടെ കാല് തല്ലിയൊടിച്ച സംഭവത്തിലെ പ്രതി മരുമകൾ. ബാലരാമപുരം ആറാലുംമൂട് തലയൽ പുന്നക്കണ്ടത്തിൽ വാസന്തി(63)യെ ആണ് ഇരുട്ടത്ത്‌ന്റെ മറവിൽ മരുമകൾ ആറാലുംമൂട് പുന്നക്കണ്ടത്തിൽ സുകന്യ (27) ആക്രമിച്ചത്. പോലീസിന്റെ തന്ത്രപൂർവമായ അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാസന്തി ആക്രമിക്കപ്പെട്ടത്. വീട്ടിൽ നിന്നും സമീപത്തെ സെസൈറ്റിയിലേക്ക് പാൽ നൽകുന്നതിനായി പോകുമ്പോൾ റോഡരികിൽ വച്ച് മുഖംമറച്ചെത്തിയ ആൾ വാസന്തിയുടെ കാൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചൊടിക്കുകയായിരുന്നു.
അക്രമി ഒന്നിലെറെ തവണ കാലിൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചതോടെ കാല് ഒടിഞ്ഞ് തൂങ്ങി വാസന്തി അവശയായിരുന്നു. വാസന്തിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും ഈ ‘അക്രമി’ രക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. പിന്നീട്, കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.
കേസിൽ അന്വേഷണം നടത്തിയ ബാലരാമപുരം പോലീസ് തുടക്കത്തിൽ അജ്ഞാതൻ ആരെന്ന് പിടികിട്ടാതെ വലഞ്ഞിരുന്നു. സമീപത്ത് സിസിടിവികൾ ഇല്ലാത്തതാണ് അന്വേഷണത്തെ ബാധിച്ചത്. പിന്നീട് ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി വിജയകുമാർ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.
ആൺവേഷം കെട്ടിയ വനിതയായത് കാരണം പോലീസ് ആദ്യഘട്ടത്തിൽ പണിപ്പെട്ടിരുന്നു. പ്രദേശത്തെ നാൽപ്പതിലേറെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നൂറിലെറെ പേരെ ചോദ്യം ചെയ്യുകയും നൂറിലെറെ മൊബൈൽ നമ്പരുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയും ചെയ്തു. എന്നിട്ടും തുമ്പ് ലഭിച്ചില്ല.
പിന്നീട് ആൺ വേഷത്തിലെത്തിയ പ്രതിക്കായി പോലീസ് നടത്തിയ തിരച്ചിലിൽ പിന്നീട് മരുമകളിലേക്ക് തിരിഞ്ഞതാണ് നിർണായകമായത്. ആക്രമണത്തിനിടെ വാസന്തി നിലവിളിക്കുമ്പോൾ പ്രദേശത്തെ അയൽവാസികളും മറ്റും ഓടിയെത്തിയപ്പോഴും സുകന്യ വൈകിയെത്തിയത് പോലീസിനെ സംശത്തിലാക്കിയിരുന്നു. ഈ ഒരു തുമ്പ് പിടിച്ചാണ് അന്വേഷണം നടത്തിയത്. ഒടുവിൽ ചോദ്യം ചെയ്യലിൽ സുകന്യ കുറ്റം സമ്മതിച്ചു.
സുകന്യയെ ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നു. ഇതിന് കാരണം അമ്മായിമ്മ വാസന്തിയാണെന്ന് സുകന്യ വിശ്വസിച്ചിരുന്നു. ഇതോടെയാണ് വാസന്തിയെ പരിക്കേൽപ്പിച്ച് കിടത്തണമെന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച രാവിലെ ഭർത്താവ് രതീഷിന്റെ ഷർട്ട്, ജീൻസ് പാന്റ് ധരിച്ച്, മുഖം ഷാൾ ഉപയോഗിച്ച് മറച്ച് വീട്ടിൽ നിന്നും കമ്പിവടിയുമായി ഇറങ്ങുകയായിരുന്നു. വാസന്തി സൊസൈറ്റിയിൽ പാൽ നൽകുവാൻ വരുന്ന വഴിയിൽ കാത്തു നിന്നാണ് ആക്രമണം നടത്തിയത്.
also read- വീട് വാടകയ്ക്ക് എടുത്ത് മോഷണം; വൈദിക വേഷത്തിൽ പള്ളിയിൽ കയറിയ കള്ളൻ ഒടുവിൽ പിടിയിൽ; കൊലപാതക കേസിലും പ്രതി
പ്രതി പുറത്തുള്ളയാളല്ലെന്ന സംശയം പോലീസിന് ബലപ്പെട്ടതോടെ പ്രദേശത്ത് കൂടുതൽ അന്വേഷണം ശക്തമാക്കി. അന്വേഷണത്തിനിടെ, ആക്രമണം നടന്ന സ്ഥലത്തിനടുത്തുള്ള പൊട്ടക്കിണറ്റിൽ പരിശോധിച്ചതോടെയാണ് കമ്പി വടി ലഭിച്ചത്. വടിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം സുകന്യയിലേക്കെത്തുകയായിരുന്നു.