കിഴക്കമ്പലം: പ്രദേശത്തുള്ള വീടിന്റെ ചായ്പ് വാടകയ്ക്ക് എടുത്ത് പരിസരപ്രദേശങ്ങളിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലയിടംതുരുത്ത് സെയ്ന്റ് മേരീസ് യാക്കോബായ പള്ളിയിൽ വൈദികന്റെ കറുത്ത കുപ്പായം ധരിച്ച് മോഷണം നടത്തിയ കേസിലെ പ്രതി കൂടിയായ അടിമാലി വെള്ളത്തൂവൽ ചക്യാങ്കൽ പത്മനാഭൻ (63) ആണ് അറസ്റ്റിലായത്. ഇയാൾ 40 വർഷമായി മോഷണം നടത്തുന്നയാളാണ്. ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന് 13 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മലയിടംതുരുത്ത് പള്ളിയിൽ നിന്നും പത്മനാഭൻ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയാണ് മോഷ്ടിച്ചത്. കാഞ്ഞിരപ്പള്ളി ഇളങ്ങുളം ക്ഷേത്രത്തിലെ മോഷണ ശ്രമത്തിനിടെ ഇയാൾ പിടിയിലായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മലയിടംതുരുത്ത് പള്ളിയിൽ മോഷണം നടത്തിയതും ഇയാൾ തന്നെയാണ് എന്ന് തെളിഞ്ഞത്.
തടിയിട്ടപറമ്പ് പോലീസ് പ്രതിയെ വ്യാഴാഴ്ച പള്ളിയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇയാൾ മലയിടംതുരുത്തിനു സമീപമുള്ള ബാവപടിയിലാണ് താംമസിച്ചിരുന്നത്. ഏപ്രിൽ അഞ്ചിന് വൈകീട്ട് പ്രതി പള്ളിയുടെ സമീപമെത്തിയെങ്കിലും പെസഹ ദിവസം ആയതിനാൽ വിശ്വാസികൾ പോകുന്നത് വരെ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ശേഷം രാത്രി ഒരു മണിക്ക് ഇയാൾ പള്ളിയിലെത്തി മോഷണം നടത്തുകയായിരുന്നുവെന്നാണ് മൊഴി.
മോഷണ ശേഷം അതേ കുറ്റിക്കാട്ടിൽ തന്നെ വിശ്രമിച്ചു. പുലർച്ചെയോടെ കുപ്പായവും മറ്റും അവിടെ ഉപേക്ഷിച്ച ശേഷമാണ് രക്ഷപ്പെട്ടത്. വൈദികന്റെ കുപ്പായവും വൈഫൈ റൂട്ടറും കുറ്റിക്കാട്ടിൽനിന്നും പണം സൂക്ഷിച്ചിരുന്ന ബാഗ് വാടകവീട്ടിൽനിന്നും കണ്ടെത്തുകയായിരുന്നു.
അതേസമയം, മോഷ്ടാവിനെ പള്ളിയിൽ തെളിവെടുപ്പിനു കൊണ്ടുവരുമെന്നതറിഞ്ഞ് ഇടവകാംഗങ്ങളും പള്ളി ഭാരവാഹികളും നാട്ടുകാരും കൂടിയിരുന്നു. തടിയിട്ടപറമ്പ് പോലീസ് സി.പി.ഒ. വി.എം. കേഴ്സൺ, എസ്.ഐ.മാരായ പി.എം. റഫീഖ്, കെ. ഉണ്ണികൃഷ്ണൻ, എ.എസ്.ഐ. സി.എ. ഇബ്രാഹിംകുട്ടി, സി.പി.ഒ.മാരായ അൻസാർ, വിനോദ്, അരുൺ, കരിം എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.