കാക്കനാട്: മാട്രിമോണിയലിലൂടെ പരിചയപ്പെട്ട് വിവാഹമുറപ്പിച്ച വരനെ സർപ്രൈസായി കാണാനായി ജോലി സ്ഥലത്തെത്തിയ യുവതി ശരിക്കും ഞെട്ടി. എറണാകുളം കളക്ട്രേറ്റിൽ ജോലി ചെയ്യുന്ന ഭാവി വരനെ തേടിയെത്തിയപ്പോൾ അങ്ങനെ ഒരാൾ ഇല്ലെന്നാണ് യുവതി കേട്ടത്. നേരിട്ട് .യുവാവിന്റെ കള്ളം മനസിലായതോടെ വിഷമിച്ചെങ്കിലും ‘കുരുക്കിൽ പെട്ടില്ല’ എന്ന ആശ്വാസത്തോടെയാണ് യുവതി മടങ്ങിയത്.
മലപ്പുറം സ്വദേശിനിയായ 30-കാരിയാണ് എറണാകുളം കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നു എന്നു പറഞ്ഞ് പരിചയപ്പെട്ട യുവാവിന് സർപ്രൈസ് നൽകാനായി എത്തിയത്. എടത്തല സ്വദേശിയായ യുവാവ് ഇവിടെ ക്ലർക്ക് ആണെന്നാണ് പറഞ്ഞിരുന്നത്. ഇരുവരുടെയും പുനർ വിവാഹമാണ് നിശ്ചയിച്ചിരുന്നത്.
വിവാഹം ആലോചിക്കുന്ന സമയത്ത് യുവതി മാട്രിമോണിയൽ സൈറ്റ് വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. ഇയാളെ യുവതി നേരിൽ കണ്ടിട്ടില്ല. ഭാര്യ മരിച്ചുപോയെന്നും കളക്ടറേറ്റിൽ റവന്യൂ വകുപ്പിലാണ് ജോലിയെന്നും ഇയാൾ പറഞ്ഞിരുന്നു. പിന്നാലെ ഫോൺ വഴി സംസാരിച്ച് വിവാഹ തീരുമാനത്തിലെത്തി.
വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് ജോലി സ്ഥലത്ത് നേരിട്ടെത്തി സർപ്രൈസ് നൽകാൻ തീരുമാനിച്ചത്. പക്ഷേ, കളക്ടറേറ്റിലെത്തി മജിസ്റ്റീരിയൽ സെക്ഷനിലെ ജീവനക്കാരോട് ആളെ തിരക്കിയപ്പോൾ അങ്ങനെ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന് അറിഞ്ഞ് യുവതി ഞെട്ടുകയായിരുന്നു.
ഫോട്ടോയൊക്കെ കാണിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരാൾ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നില്ലെന്ന് ജീവനക്കാർ തറപ്പിച്ചുപറഞ്ഞു. മറ്റ് ഓഫീസുകളിലും അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാൾ ഇല്ലെന്ന് വ്യക്തമായി. ഇതോടെ ചതിക്കപ്പെട്ടെന്നു മനസ്സിലായ യുവതി വലിയ ചതിയിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ മടങ്ങുകയായിരുന്നു.