കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോട്ടയം മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി എട്ട് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഇന്ന് രാവിലെ മുതല്‍ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനം നടക്കും.
പൊതുദര്‍ശനത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. എല്ലായിടങ്ങളിലും നിരവധി പേരാണ് വന്ദനയെ അവസാനമായി കാണാനെത്തിയത്.
കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളുണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വന്ദനയുടെ തലയുടെ പിന്‍ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കയ്യിലും മുതുകിലും കുത്തേറ്റു. ഡോക്ടറുടെ തലയില്‍ മാത്രം പ്രതി മൂന്ന് തവണയാണ് കുത്തിയത്. ആറ് തവണ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് വന്ദനയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 22കാരിയായ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യമുണ്ട്. പ്രതി സന്ദീപ് ആദ്യം ആക്രമിച്ചത് വന്ദനെയാണെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുകാര്‍ക്ക് പരുക്കേറ്റതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ പ്രതി ആദ്യം ആക്രമിച്ചത് അയാളുടെ ബന്ധുവിനെയും പോലീസുകാരേയുമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പോലീസ് പറഞ്ഞിരുന്നത്.