ഈ മോൾ ഒരു ഹൗസ് സർജൻ ആണ്, ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട്, എന്നാണ് പറഞ്ഞത്, വളച്ചൊടിക്കരുത്, അത് ക്രൂരതയെന്ന് വീണ ജോർജ്

കൊട്ടാരക്കര: ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞ കാര്യങ്ങൾ വിവാദമാകുന്നു. മരിച്ച ഡോക്ടർക്ക് വേണ്ടത്ര എക്‌സ്പീരിയൻസില്ലായിരുന്നു എന്ന് മന്ത്രി പറഞ്ഞെന്ന് ആരോപിച്ച് മെഡിക്കൽ വിദ്യാർത്ഥികളടക്കം സമരത്തിലാണ്. മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.

എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണ് എന്ന് മന്ത്രി വിശദീകരിച്ചു. തന്റെ വാക്കുകൾ വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. താൻ ആരോഗ്യപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ്പറഞ്ഞത്.

ദുരന്തത്തെക്കുറിച്ച് ഇത്ര ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല താനെന്നും, തന്നെ അറിയുന്നവർക്ക് അറിയാമെന്ന് മന്ത്രി പുറത്തിറക്കിയ വിശദീകരണകുറിപ്പിൽ പറയുന്നു.

വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘പോലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നു. ഈ മോൾ ഒരു ഹൗസ് സർജൻ ആണ്. അത്ര എക്‌സ്പീരിയൻസഡ്് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടർമാർ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്. ‘

കൊല്ലത്ത് ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ എന്റെ വാക്കുകൾ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.

ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്. ഞാൻ പറഞ്ഞ വാക്കുകൾ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവർക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം.

Exit mobile version