കൊല്ലം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചത് പ്രതിയായിട്ടല്ലെന്ന് എഡിജിപി എം.ആർ. അജിത്കുമാർ. ഇയാൾ കേസിലെ പരീതിക്കാരൻ ആയിരുന്നുവെന്നും പോലീസ് പ്രതികരിച്ചു. തന്നെ ആക്രമിക്കുകയാണെന്ന് സന്ദീപ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. ഇതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.
പിന്നീട് പരാതി അറിയിച്ച സന്ദീപിനെ സ്വന്തം വീടിന് അരക്കിലോമീറ്റർ മാറിയുള്ള മറ്റൊരു വീടിന്റെ മുന്നിലാണ് കണ്ടെത്തിയത്. ഈ സമയത്ത് അയാൾക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സ നൽകാനായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെന്നും എഡിജിപി വിശദീകരിച്ചു.
”രാത്രി ഒരുമണിയോടെയാണ് 112-ലേക്ക് കോൾവന്നത്. തന്നെ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് സന്ദീപ് എന്നയാൾ വിളിച്ചത്. ഉടൻ വിവരം സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസിന്റെ നൈറ്റ് പട്രോളിങ് ടീം കോൾ വന്ന മൊബൈൽനമ്പറിൽ ബന്ധപ്പെട്ടപ്പോൾ അത് സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും മറ്റൊരു നമ്പറിൽനിന്നും വിളിവന്നു. ഈ വിവരവും പട്രോളിങ് ടീമിന് കൈമാറി. നൈറ്റ് പട്രോളിങ് ടീം നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്തി സ്ഥലത്തെത്തി.”
” പോലീസ് സംഘം അയാളുടെ വീട്ടിലെത്തിയപ്പോൾ അയാൾ അവിടെയുണ്ടായിരുന്നില്ല. അരക്കിലോമീറ്റർ മാറി, സമീപത്തെ വീടിന്റെ മുറ്റത്ത് ഒരുവടിയുമായി നിൽക്കുന്നതാണ് കണ്ടത്. നാട്ടുകാരും ഉണ്ടായിരുന്നു. മുറിവേറ്റ അയാൾ ‘തന്നെ കൊല്ലാൻ വരുന്നു’ എന്നുവിളിച്ചു പറഞ്ഞിരുന്നു. തുടർന്ന് പോലീസും ബന്ധുവും ചേർന്ന് പരിക്കേറ്റയാളെ ജീപ്പിൽ കയറ്റി. നേരേ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.”
‘തുടർന്ന് ഇയാളെ അത്യാഹിതവിഭാഗത്തിലെ ഡോക്ടർ പരിശോധിച്ചു. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഡ്രസ് ചെയ്യാനും എക്സ് റേ എടുക്കാനും ഡോക്ടർ നിർദേശിച്ചത്. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ഡ്രസിങ് റൂമിലേക്ക് മാറ്റി. ഡ്രസ് ചെയ്യാനായി ഇയാളെ കിടക്കയിൽ കിടത്തി. ഡ്രസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് അക്രമാസക്തനായാണ് ഇയാൾ ചാടി എണീറ്റത്. ആദ്യം ബന്ധുവിനെ ചവിട്ടി. പിന്നാലെ കിടക്കയിൽനിന്ന് ചാടിയിറങ്ങി അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധിച്ച ഹോംഗാർഡിനെയാണ് ആദ്യം കുത്തിയത്. ഓടിപിന്നീട് കുത്തി. ഇതോടെ ഭയന്ന് ഡോക്ടർമാരും മറ്റുള്ളവരും മറ്റൊരു മുറിയിലേക്ക് മാറുകയും വാതിൽ അടച്ചു. എന്നാൽ കൊല്ലപ്പെട്ട ഡോക്ടർക്ക് പെട്ടെന്ന് മുറിയിലേക്ക് മാറാൻ സാധിച്ചില്ല. ഒറ്റപ്പെട്ടുപോയ ഡോക്ടറെ പ്രതി പെട്ടെന്നുതന്നെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു”- എഡിജിപി വിശദീകരിച്ചു.
പ്രതി മദ്യത്തിന് അടിമയാണെന്നും നിലവിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രിമുതൽ സന്ദീപ് അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പ്രതിയെ തങ്ങളാരും ഉപദ്രവിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസിന്റെ എയ്ഡ് പോസ്റ്റുണ്ട്. അവിടെയുണ്ടായിരുന്ന എഎസ്‌ഐ അടക്കം സംഭവത്തിൽ പ്രതികരിച്ചിരുന്നു. അവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രധാന ആശുപത്രികളിലെല്ലാം പോലീസിന്റെ എയ്ഡ് പോസ്റ്റുകളുണ്ടെന്നും എഡിജിപി വിശദീകരിച്ചു.