കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. സ്കൂൾ അധ്യാപകനാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ ഇയാൾ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ സസ്പെൻഷനിലായിരുന്നു.
പ്രതി സന്ദീപ് ലഹരിക്ക് അടിമയായതിനെ തുടർന്നാണ് സസ്പെൻഷനിലായത്. അടുത്തിടെയാണ് ഇയാൾ ഡീ അഡിക്ഷൻ സെന്ററിൽനിന്ന് ഇറങ്ങിയതന്ന്. ഇതിനിടെയാണ് വീട്ടിലുണ്ടായ അടിപിടിക്കിടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പോലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. കാലിൽ മുറിവേറ്റ നിലയിലായിരുന്ന സന്ദീപിനെ പുലർച്ചെ നാല് മണിയോടെയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിൽവച്ചും അക്രമസക്തനായ പ്രതി പിന്നീട് ശാന്തനായിരുന്നി. എന്നാൽ ബന്ധു ഇവിടേക്ക് എത്തിയതോടെ അക്രമാസക്തനായ പ്രതി ഡ്രസിങ് റൂമിലെ കത്രികയെടുത്ത് ബന്ധുവായ ബിനുവിനെ കുത്തി. ഇതിന് തടസം പിടിക്കാനെത്തിയ പോലീസുകാരെയും ആക്രമിച്ചു. ഇതോടെ അവിടെയുണ്ടായിരുന്ന എല്ലാവരും ഓടിയൊളിച്ചു.
ഈ സമയത്ത് ഡ്രസിങ് റൂമിൽ ഒറ്റപ്പെട്ടു പോയ ഡോക്ടറെ പ്രതി കഴുത്തിലും വയറിലും പുറത്തും തുരുതുരാ കുത്തുകയായിരുന്നു. ആറോളം കുത്തുകളേറ്റാണ് ഡോ. വന്ദന ദാസ് മരിച്ചത്. പിന്നീട് പരുക്കുകളോടെ പ്രതിയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർക്ക് പുറമെ മറ്റ് 2 പേർക്കും കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കുാണ് കുത്തേറ്റിരിക്കുന്നത്.
Discussion about this post