കൊച്ചി: താനൂരിൽ 22 പേരുടെ മരണം സംഭവിച്ച ദാരുണ അപകടത്തിൽ ഇടപെടലുമായി ഹൈക്കോടതി. സംഭവത്തിൽ കേസെടുക്കാൻ രജിസ്ട്രാർക്ക് കോടതി നിർദേശം നൽകി. ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് ഈ മാസം 12 നകം നൽകണമെന്നും കോടതി നിർദേശിച്ചു. ചീഫ് സെക്രട്ടറിയും നഗരസഭയും ജില്ലാ പോലീസ് മേധാവിയും കളക്ടറും പോർട്ട് ഓഫീസറും എതിർ കക്ഷികളാകും. നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും കോടതിനിർദേശം നൽകി.
ഇത്തരമൊരു ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഈ സംഭവം കേരളത്തിൽ ആദ്യത്തെതല്ലെന്നും കോടതി പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും കോടതി ചോദ്യം ചെയ്തു.
കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു.
ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ല, നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാം മറക്കുന്നു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ആരാഞ്ഞു.
കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 11 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം രണ്ട് ലക്ഷം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post