മലപ്പുറം: കേരളത്തെ നടുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍പ്പെട്ട ഉല്ലാസബോട്ട് ഫൈബര്‍ വള്ളം രൂപമാറ്റം വരുത്തിയതെന്നു കണ്ടെത്തല്‍. പാലപ്പെട്ടി സ്വദേശിയുടേതായിരുന്ന വള്ളം വെറും ഇരുപതിനായിരം രൂപയ്ക്കാണ് വിറ്റത്. ഇത് പിന്നീട് ഉല്ലാസബോട്ടായി മാറുകയായിരുന്നു.
അതേസമയം ബോട്ടിന്റെ രേഖകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും ജില്ലാ ഫിഷറീസ് ഓഫിസില്‍ ലഭ്യമല്ല. മീന്‍പിടിത്ത മേഖലയില്‍ നഷ്ടം വന്നതോടെ വള്ളത്തിന്റെ ഉടമയുടെ കടം പെരുകി. ഒടുവില്‍ ഇയാള്‍ നാടുവിട്ടതോടെ കടംനല്‍കിയവര്‍ ബോട്ട് കെട്ടിവലിച്ച് പൊന്നാനിയിലെ യാഡിലേക്കു കൊണ്ടുവരികയായിരുന്നു.
ആദ്യം 20,000 രൂപയ്ക്കു വിറ്റു. അതുകഴിഞ്ഞ് 60,000 രൂപയ്ക്കു മറ്റൊരാള്‍ക്കു വിറ്റു. മൂന്നാമതായാണ് താനൂര്‍ സ്വദേശി നാസറിന്റെ കൈകളിലേക്കു വള്ളമെത്തുന്നത്. നാസര്‍ ഈ ബോട്ട് ഉല്ലാസബോട്ടാക്കി മാറ്റുകയായിരുന്നു. പരമാവധി 15 മത്സ്യത്തൊഴിലാളികള്‍ക്കു തീരത്തോടു ചേര്‍ന്നു മീന്‍പിടിത്തം നടത്താവുന്ന വള്ളം അടിമുടി മാറ്റം വരുത്തി.
1.9 മീറ്ററാണ് വള്ളത്തിന്റെ വീതി. എന്നാല്‍, ഉല്ലാസ ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ 2.9 മീറ്ററെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വള്ളത്തിന് ഇത്രയും വീതിയില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അടിഭാഗത്തു വീതി കുറഞ്ഞതിനാലാണ് ബോട്ട് മറിഞ്ഞതെന്നാണു വിവരം.