മലപ്പുറം: കേരളത്തെ നടുക്കിയ താനൂര്‍ ബോട്ട് അപകടത്തില്‍ ദേശീയ ദുരന്ത നിവാരണ സേന ഇന്നും തിരച്ചില്‍ ആരംഭിച്ചു. ഇന്ന് കൂടി തെരച്ചില്‍ തുടരാനാണ് തീരുമാനം. കഴിഞ്ഞ ദിവസം വൈകീട്ടോടെ ദൗത്യ സംഘത്തിന് ഒപ്പം 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ചേര്‍ന്നിരുന്നു.
നേവിയും രണ്ടു തവണയായി തിരച്ചിലിന് എത്തിയിരുന്നു. അപകടം നടന്ന ബോട്ടില്‍ എത്രപേര്‍ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധിയായത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലായെന്ന പരാതി നിലവില്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ബോട്ടുടമ നാസറിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. ഇന്നലെ കോഴിക്കോട് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് നാസറിനെ താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല.
നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. നാസറിനെതിരെ നരഹത്യാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. കയറ്റാവുന്നതിലധികം യാത്രക്കാരെ കയറ്റിയതാണം ബോട്ട് മുങ്ങാന്‍ കാരണമായത്.
Discussion about this post