വലയെടുക്കാന്‍ ബോട്ട് എത്തുന്നതും കാത്ത് നിന്നു, അപകടാവസ്ഥയിലായ ബോട്ടിന്റെ വീഡിയോ പകര്‍ത്തി; നിമിഷനേരം കൊണ്ട് കണ്‍മുന്നില്‍ മുങ്ങിതാണു

താനൂര്‍: കേരളത്തിന്റെ കണ്ണീരായിരിക്കുകയാണ് താനൂര്‍ തൂവല്‍ തീരം. കളിച്ചുല്ലസിക്കാന്‍ എത്തിയ കുഞ്ഞുമക്കളുടെ നിശ്ചലമായ കാഴ്ച മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. ഒരു നിമിഷത്തിലെ അശ്രദ്ധയുടെ വിലയാണ് പൊലിഞ്ഞ 22 ജീവനുകള്‍.

ദുരന്തമുഖത്ത് ആദ്യമെത്തിയ രക്ഷാപ്രവര്‍ത്തകരില്‍ ഒരാളാണ് പ്രദേശവാസിയായ പ്രജീഷ്. പൂരപ്പുഴയില്‍ മത്സ്യബന്ധനം നടത്തുന്നയാളാണ് പ്രജീഷ്. ഇന്നലെയും പതിവുപോലെ താന്‍ വിരിച്ച വല എടുക്കാന്‍ ബോട്ടിന്റെ അവസാനത്തെ ട്രിപ്പിനായി കാത്തിരിക്കുമ്പോഴാണ് കണ്‍മുന്നില്‍ ദുരന്തം സംഭവിക്കുന്നത്. ബോട്ടിന്റെ ഉലച്ചില്‍ കണ്ട് അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ട്രിപ്പിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

തൂവല്‍തീരത്ത് വിനോദയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ബോട്ടിന്റെ അവസാന ട്രിപ്പും കഴിഞ്ഞാണ് പ്രജീഷ് വല എടുക്കാറുള്ളത്. വീടിന് സമീപത്ത് തന്നെയുള്ള കടവില്‍ ഞായറാഴ്ച വൈകീട്ട് പതിവുപോലെ പ്രജീഷും കൂടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു.

അടുത്ത ട്രിപ്പുമായി എത്തിയ ബോട്ട് പുഴക്ക് നടുവിലായി ആദ്യം നിന്നു. പിന്നീട് പിന്‍ഭാഗം താഴ്ന്നുപോകുന്ന കാഴ്ചയാണ് പ്രജീഷും സുഹൃത്തുക്കളും കാണുന്നത്. ഉടന്‍ മൂവരും പുഴയിലേക്ക് എടുത്തുചാടി. ബോട്ടിന് സമീപമെത്തിയപ്പോള്‍ രക്ഷപ്പെട്ട് ഒരാള്‍ കരയിലേക്ക് നീന്തുന്നത് കണ്ടു. ‘ഒരു സ്ത്രീ എന്റെ കൂടെ ഉണ്ടായിരുന്നു, കൈയും കാലും തളരുന്നു, അവളെ കൈവിട്ടു’ കരയിലേക്ക് നീന്തുന്നയാള്‍ പറഞ്ഞു.

‘ബോട്ടിനടുത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ മാത്രമാണ് പുറത്തുള്ളത്. അയാള്‍ പൊട്ടിച്ച് തന്ന ഗ്ലാസിനുള്ളിലൂടെ ആളുകളെ ഞങ്ങള്‍ കരയിലേക്കെത്തിക്കാന്‍ തുടങ്ങി. അവിടെ തന്നെ സര്‍വീസ് നടത്തിവരുന്ന ചെറിയ രണ്ട് ബോട്ടുകള്‍ ഉടനെ എത്തിയിരുന്നു. അതിലാണ് ആളുകളെ കരയിലേക്ക് മാറ്റിയിരുന്നത്. കുഞ്ഞുങ്ങളെയാണ് ഗ്ലാസിനുള്ളിലൂടെ എടുക്കാന്‍ കഴിഞ്ഞത്. അവര്‍ക്ക് ജീവനുണ്ടോ ഇല്ലയോ എന്നൊന്നും നോക്കിയിരുന്നില്ല. ആകെ നിലവിളിയും ഭയപ്പാടിലുമായിരുന്നു. പതിമൂന്നു പേരെ രക്ഷപ്പെടുത്താനായെന്നു പ്രജീഷ് പറഞ്ഞു.

ബോട്ട് തിരിക്കാനുള്ള ശ്രമത്തിലല്ല അപകടം നടന്നത്. ആളുകള്‍ ഒരുപാട് ഉണ്ടായിരുന്നത് കൊണ്ട് ബാലന്‍സ് നഷ്ടമായെന്നാണ് കരുതുന്നത്. പരമാവധി 25-ഓളം പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ബോട്ടില്‍ 39 ആളുകള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ടിക്കറ്റില്ലാതെ കുറേ കുട്ടികളേയും കയറ്റി.

കുട്ടികളില്‍ ചിലരുടെ ദേഹത്ത് ലൈഫ് ജാക്കറ്റുണ്ടായിരുന്നു. എന്നാല്‍, ഭൂരിപക്ഷം പേരുടേയും ദേഹത്ത് അതുണ്ടായിരുന്നില്ല. ബോട്ടില്‍ മറ്റു സുരക്ഷ സംവിധാനങ്ങളും ഇല്ലായിരുന്നുവെന്നും പ്രജീഷ് പറഞ്ഞു. പിന്‍ഭാഗം ആദ്യം താഴ്ന്നതോടെ ആളുകള്‍ മുന്‍ഭാഗത്തേക്ക് മാറി. ഇതോടെ മുന്‍ഭാഗവും താഴ്ന്നു, ദുരന്തത്തെ കുറിച്ച് പ്രജീഷ് പറയുന്നു.

Exit mobile version