മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ പരുക്കേറ്റവരെ നേരില്‍ സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും ഭയത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് ചൈല്‍ഡ് കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കും. കൗണ്‍സിലിംഗിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താനൂരില്‍ ബോട്ടപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മന്ത്രി വ്യക്തമാക്കി.
മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും തീവ്ര മാനസികാഘാതത്തില്‍ നിന്നും മുക്തമാകാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വീടുകളിലെത്തി മാനസിക പിന്തുണ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
മന്ത്രിയുടെ നേതൃത്വത്തില്‍ താനൂരില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക യോഗം ചേര്‍ന്നു. ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചെളിയുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.ഇന്നലെ രാത്രിയില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഏകോപനത്തിനായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറെ ഇന്നലെ തന്നെ നിയോഗിച്ചിരുന്നു. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി. രാത്രിയില്‍ തന്നെ യാത്ര ചെയ്ത് അതിരാവിലെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ച് രാവിലെ 9 മണിക്ക് മുമ്പായി പോസ്റ്റുമോര്‍ട്ടം നടത്താനായി. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായകരമായെന്നും മന്ത്രി പറഞ്ഞു.
Discussion about this post