തിരുവനന്തപുരം: ശ്രീലങ്കന്‍ സ്വദേശിനി ശശികല ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങള്‍ വഴിയുള്ള സ്ഥിരീകരണം മാത്രമേയുള്ളൂവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
താന്‍ ദേവസ്വംബോര്‍ഡിനോടോ പോലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ല, അതിന്റെ ആവശ്യമില്ല. ശബരിമലയില്‍ ആര്‍ക്കും ദര്‍ശനം നടത്താമെന്നും കടകംപള്ളി വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയാല്‍ തടയില്ലെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ദര്‍ശനത്തിനായി ആര് വന്നാലും പ്രായം നോക്കേണ്ട കാര്യം സര്‍ക്കാരിനില്ല. ദര്‍ശനം നടത്തണമെന്ന് അപേക്ഷ നല്‍കി ആരും സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. പോലീസിന് അപേക്ഷ കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
അതേസമയം, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റിലായി. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 717 ആയി ഉയര്‍ന്നു.
Discussion about this post