താനൂരിലെ ബോട്ട് ദുരന്തം: ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍

കോഴിക്കോട്: താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരണപ്പെട്ട അപകടമുണ്ടാക്കിയ
‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നുമാണ് നാസറിനെ പോലീസ് പിടികൂടിയത്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു.

നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും വാഹനവും പോലീസ് കൊച്ചിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെയും പോലീസ് പിടികൂടിയിരുന്നു. വാഹന പരിശോധനയ്ക്കിടെ പാലാരിവട്ടം പോലീസാണ് ഇവരെ പിടികൂടിയത്.

അപകടത്തില്‍പ്പെട്ട ‘അറ്റ്ലാന്റിക്’ ബോട്ട് എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് സര്‍വ്വീസ് നടത്തിയത്. അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയാണ് വിനോദ യാത്രയ്ക്ക് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ മുന്‍പ് പരാതി നല്‍കിയിരുന്നുവെങ്കിലും വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അതിനിടെ, പെരുന്നാള്‍ ദിവസം ബോട്ടില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് മണിക്കൂറുകള്‍ മാത്രം സര്‍വീസ് നിര്‍ത്തി വെച്ച് വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു.

ബോട്ടപകടത്തില്‍ 22 പേരാണ് മരിച്ചത്. ഇവരില്‍ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കീഴാറ്റൂര്‍ വയങ്കര വീട്ടില്‍ അന്‍ഷിദ് (12), അഫ്ലഹ് (7), പരിയാപുരം കാട്ടില്‍ പീടിയേക്കല്‍ സിദ്ധിഖ് (41), ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍ (3), ആനക്കയം മച്ചിങ്ങല്‍ വീട്ടില്‍ ഹാദി ഫാത്തിമ(ആറ്), പരപ്പനങ്ങാടി കുന്നമ്മല്‍ വീട്ടില്‍ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്‌ന(7), സഹാറ (8), റസീന(28), ഫിദ ദില്‍ന(8), ഷംന (17), ഷഹല (12), ഹസ്‌ന (18), സീനത്ത് (42), ജെന്‍സിയ (44), ജമീര്‍ (10), നെടുവ മടയംപിലാക്കല്‍ സബറുദ്ദീന്‍ (38), നെടുവ വെട്ടിക്കുത്തി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദില്‍ ഷെറിന്‍ (15), മുഹമ്മദി അദ്‌നാന്‍ (10), മുഹമ്മദ് അഫഹാന്‍ (3) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Exit mobile version