താനൂർ: തൂവൽ തീരത്ത് 22 പേരുടെ ജൂീവൻ പൊലിഞ്ഞ ബോട്ട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
സാങ്കേതിക വിദഗ്ധരടക്കം ഉൾപ്പെട്ട ജുഡീഷ്യൽ കമ്മീഷനാകും അന്വേഷണം നടത്തുക. കൂടാതെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം സർക്കാർ ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
താനൂരിലെത്തിയ മുഖ്യമന്ത്രിയുടെ വാക്കുകൾ:
‘ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്തുനൽകിയാലും അതൊന്നും അവർക്ക് നേരിടേണ്ടിവന്ന നഷ്ടത്തിന് പരിഹാരമാകില്ല. മരിച്ചവരുടെ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപവീതം നൽകാനാണ് സർക്കാർ തീരുമാനം. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാൻ കഴിയാത്ത ദുഃഖമാണ് കുടുംബങ്ങൾക്കുണ്ടായത്. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.’
‘സംസ്ഥാനത്ത് മുമ്പും ഇത്തരത്തിലുള്ള ദുരന്തങ്ങളുണ്ടായപ്പോൾ അവ ഇനി ആവർത്തിക്കാതിരിക്കുന്നതിനുള്ള കരുതൽ നടപടി സ്വീകരിക്കുന്നതിനുവേണ്ടി പരിശോധനകൾ നടന്നിരുന്നു. പരിശോധന നടത്തിയവർ മുന്നോട്ടുവച്ച നിർദേശങ്ങൾ പാലിക്കപ്പെട്ടോ എന്നത് ഗൗരവമായി കാണേണ്ടതാണ്. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കപ്പെടാതിരിക്കാനുള്ള കരുതൽ ആവശ്യമാണ്. അതിന്റെ ഭാഗമായി ജുഡീഷ്യൽ അന്വേഷണം നടത്തും. ബോട്ടുമായും യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങളടക്കം അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ടതുണ്ട്. അതിനാൽ സാങ്കേതിക വിദഗ്ധരടക്കം ഉൾപ്പെട്ടതാവും ജുഡീഷ്യൽ കമ്മീഷൻ. പോലീസ് അന്വേഷണവും അപകടത്തെക്കുറിച്ച് നടക്കും. പ്രത്യേക പോലീസ് സംഘമാകും അന്വേഷണം നടത്തും’- മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post