തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാക്കള്‍ ഗൃഹനാഥനെ അടിച്ചുകൊന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിന് സമീപം ചെങ്കിക്കുന്ന് ചരുവിള വീട്ടില്‍ പുഷ്‌കരന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.
പുഷ്‌കരനൊപ്പം അയല്‍വാസിയും സുഹൃത്തുമായ വേണു എന്നയാളെയും യുവാക്കള്‍ മര്‍ദ്ദിച്ചു. വീടിനു സമീപത്തെ വയലരികില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു യുവാക്കള്‍. ഇരുചക്ര വാഹനത്തില്‍ വീട്ടിലെത്തിയ പുഷ്‌കരന്‍ വാഹനം നിര്‍ത്തി ടാര്‍പ്പോളിന്‍ കൊണ്ടു മൂടുന്നതിനിടെ ഇവിടേക്ക് വേണുവും എത്തുകയായിരുന്നു.
ഇരുവരും സംസാരിക്കുന്നതിനിടെ മദ്യപ സംഘത്തിലെ യുവാക്കള്‍ ഇവര്‍ക്കു നേരെ ഗ്ലാസ് എറിഞ്ഞുടച്ചു. വേണു ഇക്കാര്യം ചോദ്യം ചെയ്തു. യുവാക്കളുടെ പ്രവൃത്തിയെ പുഷ്‌കരന്‍ വിലക്കാനും ശ്രമിച്ചു. പിന്നാലെ ഇരുവര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.
യുവാക്കളുടെ മര്‍ദനത്തില്‍ അവശനായി പുഷ്‌കരന്‍ നിലത്ത് വീണു. ഉടന്‍ തന്നെ ഇയാളെ കേശവപുരം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.