താനൂർ: താനൂർ ബോട്ടപകടത്തിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇനി ആരും ചെളിയിൽ മുങ്ങി കാണാമറയത്തില്ലെന്ന നിഗമത്തിലാണ് അധികൃതർ. ഇന്നലെ രാത്രിയ്ക്കു ശേഷം ആരെയെങ്കിലും കാണാനില്ല എന്ന പരാതിയുമായി ആരും എത്തിയിട്ടില്ല എന്നത് ആശ്വാസം പകരുന്നതാണെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. അതിനാൽ തന്നെ മരണസംഖ്യ ഇനിയും കൂടിയേക്കില്ല എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.
ബോട്ടിലുണ്ടായിരുന്ന മരണപ്പെട്ടവരുൾപ്പടെ 37 പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോടുൾപ്പടെയുള്ള വിവിധ ആശുപത്രികളിലായി നിന്നായി പത്തു പേരെ തിരിച്ചറിഞ്ഞു. ഇന്നലെ പോലീസും ഫയർഫോഴ്സും നേരിട്ടു കണ്ട അഞ്ചു പേർ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ മരിച്ച 22 പേരിൽ 19 പേരെയാണ് തിരിച്ചറിഞ്ഞത്. അതിൽ മൂന്നു പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചതും നാടിന്റെ ദുഃഖത്തിന് ആക്കം കൂട്ടി. ഇവരുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുകയാണ്.
ഇതിനിടെ, ബോട്ട് അപകടം നടന്ന സ്ഥലത്തു നിന്ന് ഒരു കൈയുടെ ഭാഗം ലഭിച്ചത് ആശങ്ക സൃഷ്ടിച്ചു. ഇനിയാരെങ്കിലും ചെളിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നേവിയുടെ തെരച്ചിൽ തുടരുന്നുണ്ട്.