ആളുകളെ കുത്തി നിറച്ച് സർവീസ് നടത്തുന്നത് പലതവണ നാട്ടുകാർ തടഞ്ഞു; അധികൃതർ കണ്ണടച്ചെന്ന് ആരോപണം; പുഴയുടെ ആഴം കൂട്ടിയെന്നും ആരോപണം

മലപ്പുറം: താനൂരിലുണ്ടായ ബോട്ട് ദുരന്തം അനാസ്ഥ കൊണ്ടുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത്. ഇതുവരെ അപകടത്തിൽ മരിച്ചത് 22 പേരാണ്. നിരവധി പേരാണ് ചികിത്സയിൽ തുടരുന്നത്. ഇത്രവലിയ ദുരന്തം മുൻകൂ്ടി കണ്ട് മുമ്പ് തന്നെ പോലീസിലടക്കം വിവരം ധരിപ്പിച്ചിരുന്നെന്ന് വാർഡ് കൗൺസിലറും നാട്ടുകാരും പറയുന്നു.

അപകടം വരുത്തിയ ബോട്ട് ഉൾപ്പടെ സർവീസ് നടത്തുന്ന ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ച് സർവീസ് നടത്തുന്ന വിവരം പല തവണ പോലീസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു എന്നാണ് വാർഡ് കൗൺസിലർ പരയുന്നത്. ബോട്ടിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെരുന്നാൾ ദിവസം നാട്ടുകാർ ഇടപെട്ട് സർവീസ് നിർത്തി വെപ്പിച്ചിരുന്നു.

അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടടക്കം രണ്ട് ബോട്ടുകളുടെ സർവീസാണന്ന് നിർത്തിവെപ്പിച്ചത്. എന്നാൽ പിറ്റേ ദിവസം വീണ്ടും ബോട്ടുകൾ സർവ്വീസ് തുടങ്ങി. ഇവർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് വീണ്ടും അനുമതി തേടിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇത്തരം ക്രമക്കേടുകൾ ഡിടിപിസിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും വാർഡ് കൗൺസിലർ വിശദീകരിച്ചു. ബോട്ട് സർവീസ് സുഗമമാക്കുന്നതിന് വേണ്ടി പുഴയുടെ ആഴം ബോട്ട് ഉടമകൾ കൂട്ടിയതായും നാട്ടുകാർ പറയുന്നുണ്ട്.

ALSO READ- ഫോണിലൂടെ കേട്ടത് ഭാര്യയുടെ നിലവിളി; ഭാര്യയും നാല് മക്കളും, സഹോദര ഭാര്യമാരും കുട്ടികളും ഉൾപ്പടെ പൊലിഞ്ഞത് 11 ജീവനുകൾ; തോരാക്കണ്ണീരായി താനൂരിലെ സൈതലവിയുടെ കുടുംബം

വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെയാണ് ഈയടുത്ത കാലത്താണ് തൂവൽതീരത്ത് അഞ്ചിലേറെ ബോട്ടുകൾ സ്ഥലത്ത് സർവീസ് ആരംഭിച്ചത്. അപകടത്തിൽപ്പെട്ട ബോട്ടിന്റെ അടിഭാഗം ശരിയല്ലെന്നും ജനങ്ങളെ കയറ്റി സർവ്വീസ് നടത്തരുതെന്നും നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിലും പണത്തിന്റെ സ്വാധീനത്തിലും പരാതികളെ ബോട്ടുടമകൾ മറികടക്കുകയായിരുന്നുവെന്നും അതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

അപകടം സംഭവിച്ച അറ്റിലാന്റിക് ബോട്ടിന് രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ല. രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ രജിസ്‌ട്രേഷൻ ലഭിക്കും മുൻപെ ബോട്ട് സർവീസ് ആരംഭിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തിയാണ് ബോട്ട് സർവീസ് ആരംഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ബോട്ടുടമ നാസറിന് എതിരെ നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

Exit mobile version