പൂച്ചാക്കല്‍: വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് മരിച്ചത്.
പള്ളിപ്പുറം പഞ്ചായത്ത് ആറാം വാര്‍ഡ് ഗ്രോത്ത് സെന്ററിന് സമീപം തൂവനാട്ട് വെളിയില്‍ ബാബു – ബുഷ്റ ദമ്പതികളുടെ മകന് ബിസ്മല്‍ ബാബു (26) വള്ളിക്കാട്ടു കോളനിയില്‍ പ്രമോദ് – ഗീത ദമ്പതികളുടെ മകന് പ്രണവ് (22) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ സഹയാത്രികനായിരുന്ന കൂവക്കാട്ട് ചിറയില്‍ പ്രണവ് പ്രകാശി (23)നാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവാവിനെ.
കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിന് ചേര്‍ത്തല – അരൂക്കുറ്റി റൂട്ടില്‍ മാക്കേകടവ് കവലക്ക് വടക്ക് ഭാഗത്താണ് അപകടമുണ്ടായത്. യുവാക്കള്‍ തങ്ങളുടെ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.
also read: താനൂർ ബോട്ട് ദുരന്തം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; രണ്ടുലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു
അരൂക്കുറ്റിയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും പള്ളിപ്പുറത്ത് നിന്നും പൂച്ചാക്കലിലേക്ക് യുവാക്കള്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ബിസ്മില്ലിനേയും പ്രണവിനേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post