താനൂര്‍ ബോട്ടപകടം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നത്; അനുശോചനം അറിയിച്ച് രാഷ്ട്രപതി

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ‘കേരളത്തിലെ മലപ്പുറത്ത് ഉണ്ടായ ബോട്ടപകടം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു’, രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം അപകടത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ടില്‍ 40ല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ താനൂര്‍ ഓല പീടിക കാട്ടില്‍ പിടിയേക്കല്‍ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്ല (7), ഹുസ്ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍ (37),ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, മകള്‍ അദില ഷെറി,കുന്നുമ്മല്‍ ആവായില്‍ ബീച്ചില്‍ റസീന, അര്‍ഷാന്‍ എന്നിവരെ തിരിച്ചറിഞ്ഞു.

Exit mobile version