മലപ്പുറം: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരണസംഖ്യ 21 ആയി ഉയർന്നു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. 20 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരിൽ ഒരു പോലീസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ദുരന്തത്തിൽ സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലം സന്ദർശിക്കും.
താനൂർ ബോട്ടപകടത്തിൽ ഏകോപിതമായുള്ള അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രി മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
ALSO READ- പരപ്പനങ്ങാടിയിൽ വിനോദയാത്ര ബോട്ട് മുങ്ങി വൻഅപകടം; മരണസംഖ്യ 18 ആയി; 20 പേരെ രക്ഷപ്പെടുത്തി
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്‌മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്.
താനൂർ ബോട്ട് അപകടത്തിൽ പ്രതിപക്ഷ നേതാവിന്റെ വാർത്താക്കുറിപ്പ്:
അങ്ങേയറ്റം ദൗർഭാഗ്യകരമായ സാഹചര്യമാണിത്. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപത്തെ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കണം. അനുവദിക്കപ്പെട്ടതിലും കൂടുതൽ ആളുകൾ ബോട്ടിൽ യാത്ര ചെയ്തു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇക്കാര്യം സർക്കാർ പരിശോധിക്കണം. സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് യാത്ര നടത്തിയത് എങ്കിൽ അത് അതീവ ഗുരുതരമാണ്.യു.ഡി.എഫ് പ്രവർത്തകർ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് രക്ഷാ പ്രവർത്തനങ്ങളിലും ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും സജീവമായി ഇടപെടണം. ഉറ്റവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നു
അതേസമയം, മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.