തൃശ്ശൂര്‍: മലയാളി ഒരിക്കലും മറക്കാത്ത ദുരന്തമായിരുന്നു 2018ലെ മഹാപ്രളയം. സമാനതകളില്ലാത്ത ദുരന്തത്തെ കേരളം ഒന്നടങ്കമാണ് നേരിട്ടത്. ഇപ്പോഴിതാ പ്രളയം പശ്ചാത്തലമാക്കിയുള്ള മലയാള ചിത്രം 2018 തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
ആരാധകലോകം ഇരുകൈയ്യും നീട്ടി ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ടൊവിനോ തോമസിന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. പ്രളയ സമയത്ത് സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട മനുഷ്യര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറിയിരുന്നു. നിരവധി സിനിമാപ്രവര്‍ത്തകരും നേരിട്ട് രംഗത്തിറങ്ങിയിരുന്നു. അക്കൂട്ടത്തില്‍ സജീവമായി ഇടപ്പെട്ടയാളാണ് ടൊവിനോ തോമസ്.
ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും നേരിട്ടെത്തിയിരുന്ന ടൊവിനോ സാധനങ്ങളും മറ്റും ഇറക്കാന്‍ സഹായിക്കുന്ന ചിത്രങ്ങളൊക്കെ അന്ന് വൈറല്‍ ആയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം എത്തിക്കാനായി സോഷ്യല്‍ മീഡിയ കാര്യമായി ഉപയോഗിക്കുകയും ചെയ്തിരുന്നു ആ സമയത്ത് അദ്ദേഹം. അന്നിട്ട ഒരു പോസ്റ്റ് ആണ് സിനിമ ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ദുരിതബാധിതരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് അത്.
‘ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ’, എന്നാണ് ടൊവിനോ കുറിച്ചത്.
2018 ഓഗസ്റ്റ് 16 ലെ പോസ്റ്റ് ആണിത്. സിനിമ ഇറങ്ങിയതിനു പിന്നാലെ നിരവധി പേര്‍ കമന്റ് ചെയ്യുന്നതിനാല്‍ ഈ പോസ്റ്റ് വീണ്ടും ഫേസ്ബുക്ക് ഉപയോക്താക്കളുടെ ടൈംലൈനുകളിലേക്ക് കാര്യമായി എത്തുന്നുണ്ട്.