തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കണ്ണനെ കണ്ട് തുലാഭാരവും നടത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശനിയാഴ്ച വൈകിട്ട് ക്ഷേത്രം കിഴക്കേ നട പന്തലില്‍ വെച്ചായിരുന്നു ഗവര്‍ണര്‍ക്ക് കദളിപ്പഴം കൊണ്ടാണ് തുലാഭാരം നടത്തിയത്.
മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്. വൈകുന്നേരം നാലരയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷേത്രത്തിന് മുന്നിലെത്തിയത്. തൂവെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. ഗോപുര കവാടത്തിന് മുന്നില്‍ നിന്ന് ഗവര്‍ണര്‍ ഗുരുവായൂരപ്പനെ തൊഴുതു. കൈകൂപ്പി ഏതാനം മിനിട്ടുകള്‍ ഗോപുര കാവടത്തില്‍ നിന്ന ഗവര്‍ണര്‍ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി.
83 കിലോകദളിപ്പഴം വേണ്ടിവന്നു തുലാഭാരത്തിനായി. ഇതിനായി 4250 രൂപ ക്ഷേത്രത്തില്‍ അടച്ചു.ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഗുരുവായൂരപ്പന്റെ പ്രസാദ കിറ്റ് ഗവര്‍ണര്‍ക്ക് നല്‍കി. ‘വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം’ എന്നായിരുന്നു ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.