റിയാദ്: റിയാദിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച എല്ലാരെയും തിരിച്ചറിഞ്ഞു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. റിയാദിലെ ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിനടുത്തുള്ള താമസസ്ഥലത്താണ് തീപിടുത്തമുണ്ടായത്.
മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെയും ആമിനയുടെയും മകന്‍ അബ്ദുല്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി അബ്ദുല്‍ കരീം, നൂര്‍ജഹാന്‍ എന്നിവരുടെ മകന്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍.
തമിഴ്‌നാട് കാഞ്ചീപുരം ചിന്നമേലമയൂര്‍ പിള്ളയാര്‍ കോയില്‍ റോഡില്‍ കണ്ണയ്യന്‍ – ശശികല ദമ്പതികളുടെ മകന്‍ കാര്‍ത്തിക് (40), തമിഴ്‌നാട് മധുര സിറ്റി കൃഷ്ണ റോഡില്‍ രാജഗോപാല്‍ – പത്മാവതി ദമ്പതികളുടെ മകന്‍ സേതുരാമന്‍ (35), ഗുജറാത്ത് നവസാരി ദേവംതാല്‍ ചിക്കിലി സ്വദേശി യോഗേഷ് കുമാര്‍ മിസ്ട്രി (39), മഹാരാഷ്ട്ര സ്വദേശി അസ്ഹര്‍ അലി മുഹമ്മദ് ശൈഖ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നാണ് അപകടം സംഭവിച്ചത്. റിയാദിലെ പെട്രോള്‍ പമ്പില്‍ പുതിയതായി ജോലിക്കെത്തിയവരായിരുന്നു അപകടത്തില്‍പെട്ട എല്ലാവരും . വ്യാഴാഴ്ചയാണ് ഇവരില്‍ മൂന്ന് പേര്‍ക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്.