മേഘമല: തമിഴ്നാട്ടിലെ മേഘമലയിൽ അരിക്കൊമ്പൻ വിഹരിക്കുന്നതായി റിപ്പോർട്ട്. ചിന്നക്കനാലിൽ നിന്നും ആനയെ മാറ്റിയതിന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്തെത്തിയത്. മേഘമലയിൽ നിന്നും വെള്ളം കുടിച്ചശേഷം പെരിയാർ കടുവാ സങ്കേതത്തിലേക്ക് ആന തിരികെപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.അതേസമയം, തമിഴ്നാട് അതിർത്തിയിലെ ജനവാസ മേഖലയിൽ ആനയുടെ ആക്രമണം നടക്കുന്നതായി പ്രാദേശിക പത്രങ്ങളിൽ വാർത്തകൾ വന്നിട്ടുണ്ട്.
വീടിന്റെ ചില ഭാഗങ്ങൾ തകർത്തതിന്റെ വിവരണങ്ങളും പത്രവാർത്തയിലുണ്ട്. അരിക്കൊമ്പനെ ഈ മേഖലയിൽ കാണുന്നതിനിടെ തന്നെയാണ് ഈ വാർത്തയും പുറത്തുവരുന്നത്. മേഘമല ഭാഗത്ത് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ കണ്ടിരുന്നു. ഇതേത്തുടർന്ന് പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ തമിഴ്നാട് വനംവകുപ്പ് നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അക്രമ സംഭവങ്ങൾ എന്നതിനാൽ അരികൊമ്പനെ സംശയിക്കുന്നുണ്ട് ചിലർ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
മേഘമലയ്ക്കു താഴെ ലയം പോലെയുള്ള കോളനിയാണ്. നിരവധി പേർ അവിടെ താമസിക്കുന്നുണ്ട്. ഈ പ്രദേശത്താണ് രാത്രിയിൽ ഒരു ആന നാശം വിതച്ചിരിക്കുന്നത്. തമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ട്. റേഡിയോ കോളറിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കേരളവും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
നേരത്തെ തന്നെ അരികൊമ്പനെ തമിഴ്നാട് അതിർത്തിക്കടുത്ത് കൊണ്ടുവിട്ടതിനെതിരേ നേരത്തേതന്നെ തമിഴ്നാട് എതിർപ്പുന്നയിച്ചിരുന്നു. റേഡിയോ കോളർ റിപ്പോർട്ട് പ്രകാരം നിലവിൽ അരിക്കൊമ്പൻ കേരളത്തിന്റെ ഭാഗത്തേക്ക് തന്നെ വന്നിട്ടുണ്ട് എന്നാണ് വിവരം. നാലുദിവസം കൊണ്ട് 40 കിലോമീറ്ററാണ് കേരളത്തിന്റെ ഭാഗത്തേക്ക് അരിക്കൊമ്പൻ സഞ്ചരിച്ചത്.
Discussion about this post