തൃശൂര്‍: ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് മരിച്ചതിന് പിന്നാലെ പങ്കാളി റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. റിഷാന ഉറക്ക ഗുളിക അമിതമായി കഴിക്കുകയായിരുന്നുവെന്നാണ് വിവരം. റിഷാനയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യനില സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ കോളേജ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രവീണും റിഷാനയും വിവാഹിതരായത്.
ഇന്നലെ രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ പ്രവീണ്‍ നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. മിസ്റ്റര്‍ കേരള ട്രാന്‍സ്മെന്‍ എന്ന രീതിയില്‍ പ്രവീണ്‍ ശ്രദ്ധേയനായിരുന്നു.
ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തകള്‍ക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.