കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ ആസ്തി വകകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകള്‍ എന്നിവ മരവിപ്പിച്ചു. സാമ്പത്തിക ഇടപാട് രേഖകളും ഇഡി പിടിച്ചെടുത്തു.
തൃശ്ശൂരില്‍ മണപ്പുറം ഫിനാന്‍സിന്റെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. നിയമവിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചെന്നും ഇഡി പറഞ്ഞു. റെയ്ഡിന് ശേഷമാണ് ആസ്തികള്‍ മരവിപ്പിക്കുന്ന നടപടിയിലേക്ക് ഇഡി കടന്നത്.
മണപ്പുറം ഫൈനാന്‍സിനെതിരെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് ഇഡിയുടെ തുടര്‍ നടപടികള്‍. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിന്റെ പ്രധാന ശാഖയിലും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിപി നന്ദകുമാറിന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.
മണപ്പുറം ഫിനാന്‍സ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയതായും സ്വര്‍ണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങള്‍ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തി. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ നിക്ഷേപകരില്‍നിന്നും സമാഹരിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.