അബുദാബി: രണ്ടാം തവണയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി പ്രവാസി മലയാളിയായ പ്രദീപ് കുമാർ. തിരുവനന്തപുരം സ്വദേശിയായ പ്രദീപ് കുമാറിന് ഇന്നലെ നടന്ന നറുക്കെടുപ്പിൽ 33 കോടിയിലേറെ രൂപയാണ് (15 ദശലക്ഷം ദിർഹം) സമ്മാനമടിച്ചത്.
ഒരു ഓഫ്ഷോർ കമ്പനിയിൽ കൺട്രോൾ റൂം ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ഏപ്രിൽ 13 ന് എടുത്ത 048514 നമ്പർ ടിക്കറ്റിനാണ് ഭാഗ്യമെത്തിയത്. വർഷങ്ങളായി സ്ഥിരമായി ബിഗ് ടിക്കറ്റെടുക്കുന്നയാളാണ് പ്രദീപ്. ഈ സമ്മാനത്തുക തന്റെ ബാല്യകാല സുഹൃത്തുക്കളായ റോബിൻസൺ, ഡോ. ഹനീഫ എന്നിവരുമായി പങ്കിടുമെന്ന് അദ്ദേഹം അറിയിച്ചു.
1986 മുതൽ യുഎഇ നിവാസിയായ പ്രദീപ് കുമാറിന് മുൻപ് 1996-ൽ ഒരു ലക്ഷം ദിർഹം എന്ന അന്നത്തെ ഉയർന്ന സമ്മാനം നേടിയിരുന്നു. ടിക്കറ്റ് വില അന്ന് 100 ദിർഹമായിരുന്നു.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ-സ്റ്റോർ കൗണ്ടറിൽ നിന്നാണ് സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയതെന്ന് പ്രദീപ് കുമാർ പറഞ്ഞു. മടക്ക ടിക്കറ്റ് ചെന്നൈയിൽ നിന്നായിരുന്നു. അവിടെ നിൽക്കുമ്പോഴാണ് ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺവിളിയെത്തിയതും.
മുൻപ് ഒരിക്കൽ സമ്മാനം ലഭിച്ചതോടെ ഭാഗ്യം തന്നോടൊപ്പമുണ്ടെന്ന് തോന്നി ടിക്കറ്റുകൾ വാങ്ങുന്നത് തുടരുകയായിരുന്നു. ടിക്കറ്റുകൾ വാങ്ങുന്നത് ഇപ്പോൾ 10 വർഷത്തിലേറെയായെന്നും അമ്പതുകാരനായ പ്രദീപ് പറയുന്നു.
നാട്ടിൽ നിന്ന് അബുദാബിയിൽ തിരിച്ചെത്തിയ പ്രദീപ് നേരെ ചെന്നത് ജോലിസ്ഥലത്തേക്കായിരുന്നു. ജോലിക്ക് എപ്പോഴും കൂടുതൽ പ്രാധാന്യം നൽകാറുള്ളതിനാൽ ആഘോഷങ്ങൾ വൈകാതെ നടക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. രണ്ട് തവണ ഭാഗ്യ ദേവത കടാക്ഷിച്ചെങ്കിലും ടിക്കറ്റുകൾ വാങ്ങുന്നത് ഇനിയും തുടരാനാണ് പ്രദീപ് കുമാറിന്റെ തീരുമാനം. ഭാര്യ, മകൻ, മകൾ എന്നിവരടങ്ങുന്നതാണ് പ്രദീപ് കുമാറിന്റെ കുടുംബം